ലഖ്‌നൗ- രാജ്യവ്യാപക ലോക്ഡൗണിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിക്കാന്‍ 200 ബസുകള്‍ അയക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജസ്ഥാനിലെ കോട്ടയില്‍ മത്സരപരീക്ഷകളുടെ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളാണ് അവിടെ കുടുങ്ങിയത്.
യു.പിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. ബസുകള്‍ അയക്കാനുള്ള നീക്കം കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ ദുര്‍ബപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
ആഗ്രയില്‍നിന്നുമാവും യു.പി സര്‍ക്കാര്‍ 200 ബസുകള്‍ അയക്കുക. വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം, ശുദ്ധജലം, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയെല്ലാം ബസുകളിലുണ്ടാവും. 25 വിദ്യാര്‍ഥികളെ വീതമാവും ഓരോ ബസുകളിലും കൊണ്ടുവരിക.