ജിദ്ദ - ഒരു വ്യാഴവട്ടത്തിനു ശേഷം സൗദി അറേബ്യ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനൽ റൗണ്ടിൽ. ഏഷ്യൻ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ജപ്പാനെ ഒരു ഗോളിനാണ് തോൽപിച്ചത്. ഫഹദ് അൽ മുവല്ലദാണ് ജിദ്ദയിലെ നിറഞ്ഞ സ്റ്റേഡിയത്തെ ആവേശക്കൊടുമുടി കയറ്റി സൗദിയുടെ വിജയ ഗോളടിച്ചത്. ഗ്രൂപ്പ് ബി-യിൽനിന്ന് ജപ്പാൻ നേരത്തെ യോഗ്യത നേടിയിരുന്നു. തായ്‌ലന്റിനെ 2-1 ന് തോൽപിച്ചെങ്കിലും ഓസ്‌ട്രേലിയക്ക് നേരിട്ട് യോഗ്യത നേടാൻ സാധിച്ചില്ല. അവർക്ക് പ്ലേഓഫ് സാധ്യതയുണ്ട്.
സൗദി സമയം ഇന്നലെ ഉച്ചയോടെ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തായ്‌ലന്റിനെ 2-1 ന് തോൽപിക്കാനേ സാധിച്ചിരുന്നുള്ളൂ. അതോടെ, രാത്രി വൈകി ജിദ്ദയിൽ ജപ്പാനെതിരെ ഒരു ഗോളിനെങ്കിലും വിജയിച്ചാൽ സൗദിക്ക് ഫൈനൽ റൗണ്ടിലെത്താമെന്നായി. കൊടും ചൂടിൽ നടന്ന കളിയിൽ ജപ്പാൻ പ്രതിരോധം ആദ്യ പകുതിയിൽ ഉറച്ചുനിന്നെങ്കിലും അറുപത്തിമൂന്നാം മിനിറ്റിൽ സൗദി കാത്തിരുന്ന ഗോൾ പിറന്നു.
ഏഷ്യയിലെ രണ്ടു ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാർക്ക് ലോകകപ്പ് ബെർത്ത് നേടാൻ ഇനി രണ്ട് പ്ലേഓഫാണ് കളിക്കേണ്ടി വരിക. ഗ്രൂപ്പ് എ-യിലെ മൂന്നാം സ്ഥാനക്കാരായ സിറിയയും ഗ്രൂപ്പ് ബി-യിലെ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയുമായി രണ്ടു പാദ ഏഷ്യൻ പ്ലേഓഫാണ് ആദ്യം. അതിൽ ജയിക്കുന്ന ടീം കോൺകകാഫ് മേഖലയിലെ നാലാം സ്ഥാനക്കാരുമായി പ്ലേഓഫ് കളിച്ച് ലോകകപ്പ് ബെർത്ത് തീരുമാനിക്കും.
കഴിഞ്ഞ കളിയിൽ സൗദിയെ തോൽപിച്ച യു.എ.ഇയുടെ നേരിയ പ്ലേഓഫ് പ്രതീക്ഷ ഇറാഖിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെ അവസാനിച്ചു. മെൽബണിൽ തായ്‌ലന്റിനെ കീഴടക്കാൻ ഓസ്‌ട്രേലിയക്ക് വല്ലാതെ പ്രയാസപ്പെടേണ്ടി വന്നു. ടോം ജൂറിച്ചിലൂടെ അറുപത്തൊമ്പതാം മിനിറ്റിലാണ് അവർ ലീഡ് സമ്പാദിച്ചത്. കളി തീരാൻ എട്ട് മിനിറ്റ് ശേഷിക്കെ അപ്രതീക്ഷിതമായി തായ്‌ലന്റ് തിരിച്ചടിച്ചു. ഓസ്‌ട്രേലിയയുടെ കനത്ത ആശങ്ക അവസാനിപ്പിച്ച് മാത്യു ലെക്കിയാണ് നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ വിജയ ഗോൾ നേടിയത്.
സിറിയ പ്ലേഓഫിന്
തെഹ്‌റാൻ ആസാദി സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തോളം കാണികൾക്കു മുന്നിൽ ഇറാനെ 2-2 ന് തളച്ച് സിറിയ ഏഷ്യൻ പ്ലേഓഫ് സ്ഥാനമുറപ്പിച്ചു. ജിദ്ദ അൽഅഹ്‌ലിയുടെ കളിക്കാരനായ ഉമർ അൽ സൂമ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ നേടിയ ഗോളാണ് സിറിയക്ക് ആവേശകരമായ സമനിലയും പ്ലേഓഫ് സ്ഥാനവും നേടിക്കൊടുത്തത്. ഫൈനൽ റൗണ്ടിലെ പത്തു കളികളിൽ ഇറാൻ വഴങ്ങിയത് ഈ രണ്ടു ഗോൾ മാത്രമാണ്.
സംഘർഷങ്ങളിൽ ഭിന്നിച്ചുനിൽക്കുന്ന സിറിയക്ക് അപൂർവമായ ആഹ്ലാദമായി ഫുട്‌ബോൾ ടീമിന്റെ മുന്നേറ്റം. എല്ലാ വിഭാഗം ജനങ്ങളും ടീമിന്റെ വിജയത്തിനായി കൈകോർത്തു. മലേഷ്യയിലാണ് സിറിയ ഹോം മത്സരങ്ങൾ കളിച്ചത്.
ശക്തരായ എതിരാളികൾക്കെതിരെ പതിമൂന്നാം മിനിറ്റിൽ സിറിയ ലീഡ് നേടി. എന്നാൽ ഇടവേളക്ക് മുമ്പും പിമ്പുമായി സർദാർ അസ്മൂൻ ഇറാന്റെ മേധാവിത്തം ഉറപ്പിച്ചു. സിറിയ സമനില നേടിയത് ചൈനയുടെ നേരിയ പ്രതീക്ഷ അവസാനിപ്പിച്ചു. 2022 ലെ ലോകകപ്പ് ആതിഥേയരായ ഖത്തറിനെ പത്തു പേരുമായി കളിച്ച് 2-1 ന് തോൽപിച്ചെങ്കിലും ചൈന പുറത്തായി. ദോഹയിൽ അക്രം അഫീഫിലൂടെ ഖത്തറാണ് ആദ്യം സ്‌കോർ ചെയ്തത്. എന്നാൽ സിയാവൊ ഷിയും വു ലെയ്‌യും നേടിയ ഗോളുകളിൽ ചൈന വിജയത്തിലേക്ക് കുതിച്ചു. എൺപത്താം മിനിറ്റിൽ നായകൻ ഷെംഗ് ഷി ചുവപ്പ് കാർഡ് കണ്ട ശേഷമായിരുന്നു ചൈനയുടെ വിജയ ഗോൾ. ലോകകപ്പ് വേദിയാവുന്ന ഖലീഫ സ്റ്റേഡിയത്തിൽ ഏതാണ്ട് ഒഴിഞ്ഞ ഗാലറിക്കു മുന്നിലാണ് കളി അരങ്ങേറിയത്. ഖത്തറാണ് ഗ്രൂപ്പിൽ അവസാനം.
കൊറിയ കടന്നുകൂടി
ഉസ്‌ബെക്കിസ്ഥാനുമായി ഗോൾരഹിത സമനില നേടിയ തെക്കൻ കൊറിയ തട്ടിമുട്ടി തുടർച്ചയായ ഒമ്പതാം ലോകകപ്പിന് ബെർത്തുറപ്പിച്ചു. അവസാന വേളയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും കൊറിയക്ക് മുതലാക്കാനായില്ല.