ന്യൂദല്‍ഹി- കോവിഡ് പ്രതിരോധത്തിനായി മേയ് മൂന്ന് വരെ നീട്ടിയ രണ്ടാം ഘട്ട ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവു നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ചു പരിഷ്‌കരിച്ച മാര്‍ഗരേഖ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി.
പുതിയ മാര്‍ഗരേഖ അനുസരിച്ച് വനത്തില്‍നിന്നുള്ള ചെറു വിഭവങ്ങള്‍ (മൈനര്‍ ഫോറസ്റ്റ് പ്രൊഡ്യൂസ്) ആശ്രയിച്ച് കഴിയുന്നവര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും തടി അല്ലാതെയുള്ള വനവിഭവങ്ങള്‍ ശേഖരിക്കുന്നതും വിളവെടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും അനുമതി നല്‍കും. മുള, തേങ്ങ, അടയ്ക്ക, കൊക്കോ, സുഗന്ധവിള പ്ലാന്റേഷനുകള്‍, അവയുടെ വിളവെടുപ്പ്, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നിവയും അനുവദനീയമാണ്.
ഭവന വായ്പാ സ്ഥാപനങ്ങള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്ക് കുറഞ്ഞ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
ഗ്രാമീണ മേഖലയിലെ കുടിവെള്ളം, ശുചിത്വം എന്നിവയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വൈദ്യുതി വിതരണം, ടെലികോം കമ്പനികളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവും മറ്റു അനുബന്ധ പ്രവൃത്തികളും അനുവദിക്കും.