ബംഗളുരു- മുന്‍ പ്രധാനമന്ത്രിയും ജെഡിയു നേതാവുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും മുന്‍മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാര സ്വാമിയുടെ വിവാഹം നടന്നത് കൊറോണ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് റിപ്പോര്‍ട്ട്. നിഖില്‍ കുമാരസ്വാമിയുടെയും രേവതിയുടെയും വിവാഹമാണ് കൊേേറാണ പ്രതിരോധ നടപടികളൊന്നും പാലിക്കാതെ സാമൂഹിക അകലം പോലും ലംഘിച്ച് നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെയാണ് നിയമലംഘനം പുറത്തായത്. വിവാഹചടങ്ങുകളില്‍ പങ്കെടുത്തവരൊന്നും മാസ്‌ക് പോലും ധരിക്കുകയോ പരസ്പരം അകലം പാലിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി നൂറിലധികം പേരാണ് പങ്കെടുത്തത്. ബംഗളുരു നഗരത്തില്‍ നിന്ന് വെറും 28കി.മീ അകലെയുള്ള എച്ച്ഡി ദേവഗൗഡയുടെ ഫാം ഹൗസിലാണ് വിവാഹചടങ്ങുകള്‍ നടന്നത്.
എന്നാല്‍ തങ്ങളുടെ രണ്ട് രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തുള്ളൂവെന്നാണ് മുന്‍ മുഖ്യമന്ത്രിയും വരന്റെ പിതാവുമായ എച്ച്ഡി കുമാരസ്വാമി അറിയിച്ചത്. എന്നാല്‍ എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹമെന്നും രാമനഗരയിലെ ഫാം ഹൗസില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നുവെന്നും ദൃശ്യങ്ങള്‍ തെളിയിക്കുന്നു. എച്ച്ഡി ദേവഗൗഡയും ചടങ്ങുകളുടെ ഭാഗമായിരുന്നു.
കുടുംബത്തിലെ 60 മുതല്‍ 70 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളൂവെന്ന് കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 42 വാഹനങ്ങള്‍ക്കും 120 പേര്‍ക്കും പാസ് നല്‍കിയിരുന്നതായി കര്‍ണാടക പോലിസ് അറിയിച്ചു. നിലവില്‍ കര്‍ണാടകയില്‍ കൊറോണ ബാധിച്ച് 13 പേരാണ് മരിച്ചത്. 315 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.