Sorry, you need to enable JavaScript to visit this website.

സൗദി സ്‌കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം

റിയാദ്- കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ സംവിധാനത്തിനു കീഴിലെ മുഴുവൻ വിദ്യാർഥി, വിദ്യാർഥിനികൾക്കും തൊട്ടടുത്ത ക്ലാസുകളിലേക്ക് കയറ്റം നൽകാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് അറിയിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിൽ പാഠ്യപദ്ധതി പ്രകാരമുള്ള പഠനം പൂർത്തിയാക്കിയ കാര്യം കണക്കിലെടുത്ത് മുഴുവൻ വിദ്യാർഥികൾക്കും തൊട്ടടുത്ത ക്ലാസുകളിലേക്ക് കയറ്റം നൽകി പഠന പ്രക്രിയകൾ തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. 
അതേസമയം, സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സെക്കന്റ് ടേമിലെ ട്യൂഷൻ ഫീസ് കുറച്ചുകൊടുക്കണമെന്ന് മന്ത്രാലയം ഔദ്യോഗിക നിർദേശങ്ങൾ നൽകിയിട്ടില്ല. 
കൊറോണ വ്യാപനം കാരണം പഠനം നിലച്ച കാര്യവും സെക്കന്റ് ടേമിലെ ട്യൂഷൻ ഫീസ് കുറച്ചുകൊടുക്കുന്നതിന് ആവശ്യപ്പെടാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നീക്കമുണ്ടെന്നും ചൂണ്ടിക്കാട്ടി ട്യൂഷൻ ഫീസ് അടക്കുന്നതിന് ചില രക്ഷാകർത്താക്കൾ വിസമ്മതിക്കുന്നതിനെ കുറിച്ച് ശ്രദ്ധയിൽപെടുത്തി നിക്ഷേപ മന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തിന് മറുപടിയായാണ് ട്യൂഷൻ ഫീസ് പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയത്. 


വ്യവസ്ഥകൾക്കു വിധേയമായി സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് പുനഃപരിശോധിക്കുകയും വ്യവസ്ഥകൾക്കനുസരിച്ച് ഫീസുകളിൽ ഭേദഗതികൾ വരുത്തുന്നതിന് ആവശ്യപ്പെടുകയുമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല. സ്വകാര്യ സ്‌കൂളുകളും രക്ഷാകർത്താക്കളും തമ്മിൽ ഒപ്പുവെക്കുന്ന കരാറുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന തർക്കങ്ങളിൽ കോടതികളാണ് തീർപ്പ് കൽപിക്കേണ്ടത്. ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികാര പരിധിയിൽ വരില്ല. ട്യൂഷൻ ഫീസ് ഈടാക്കൽ പ്രക്രിയയിൽ ഒരു സാഹചര്യത്തിലും വിദ്യാഭ്യാസ മന്ത്രാലയം ഇടപെടില്ല. 
രക്ഷാകർത്താക്കളും സ്‌കൂളുകളും ഒപ്പുവെക്കുന്ന കരാറുകൾ പ്രകാരം കൃത്യമായ സംവിധാനത്തിന് അനുസൃതമായി സ്‌കൂളുകളാണ് ട്യൂഷൻ ഫീസ് ഈടാക്കുന്നത്. 
നിലവിലെ സാഹചര്യത്തിൽ ട്യൂഷൻ ഫീസുകൾ സ്വന്തം നിലക്ക് കുറച്ചുകൊടുക്കുന്നതിന് സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. 

 

Latest News