ന്യൂദൽഹി- തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാനാ മുഹമ്മദ് സഅദ് കാന്തൽവിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസ് ഫയല്‍ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദല്‍ഹി പോലീസിന്റെ എഫ്‌ഐആര്‍ പ്രകാരമാണ് മൗലാന സഅദിനും ജമാഅത്ത് ട്രസ്റ്റിനും മറ്റ് അംഗങ്ങള്‍ക്കുമെതിരെ എൻഫോഴ്സ്മെൻറ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
തബ്‌ലീഗ് ജമാഅത്തിന്റെയും അതിന്റെ ഭാരവാഹികളുടെയും ധനകാര്യ ഇടപാടുകളും സംബന്ധിച്ച് ബാങ്കുകളിൽ നിന്നും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും വിവിധ രേഖകൾ ലഭിച്ചതായും നിലവില്‍ കോവിഡ് ക്വാറന്റീനില്‍ കഴിയുന്ന മൗലാന സഅദിന് കേസിൽ ചോദ്യം ചെയ്യലിനായി ഉടൻ സമൻസ് അയക്കുമെന്നും അധികൃതർ അറിയിച്ചു.
എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് തബ്‌ലീഗ് വക്താവ് മുജീബ് റഹ്മാന്‍ നല്‍കുന്ന വിവരം.
രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ ദല്‍ഹിയില്‍ സമ്മേളനം നടത്തിയതിന് സഅദ് അടക്കമുള്ളവര്‍ക്കെതിരെ ദല്‍ഹി പോലീസ് നേരത്തെ കേസെടുത്തിരുന്നു. വിദേശ രാജ്യങ്ങളില്‍നിന്ന് അടക്കം നൂറുകണക്കിന് അനുയായികള്‍ പങ്കെടുത്ത സമ്മേളനത്തിനിടെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പരിപാടിയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. നിരവധി പേര്‍ നിരീക്ഷണത്തിലുമുണ്ട്.