കൊറോണയ്ക്ക് എതിരെ അണിയറയില്‍ 70 വാക്സിനുകള്‍, ഇന്ത്യയില്‍നിന്ന് 6; മുന്നെണ്ണം ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി

ന്യൂദല്‍ഹി- ആഗോള വ്യാപകമായി പടര്‍ന്നുപിടിച്ച കോവിഡ് 19 മഹാമാരിക്ക് എതിരെ ലോകത്താകമാനം 70 ഓളം വാക്സിനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതില്‍ മിക്കതും പരീക്ഷണം മൃഗങ്ങളില്‍തന്നെ ആവര്‍ത്തിക്കുമ്പോള്‍ മൂന്ന് എണ്ണം മനുഷ്യരില്‍ പരീക്ഷിക്കാന്‍ പാകപ്പെട്ടതായി ഇന്ത്യന്‍ ശ്രാസ്ത്രജ്ഞന്‍.
"പരീക്ഷിക്കപ്പെടുന്ന 70 ഓളം വാക്സിൻ കാൻഡിഡേറ്റുകളില്‍ കുറഞ്ഞത് മൂന്ന് എണ്ണമെങ്കിലും ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്, എന്നാൽ 2021 ന് മുമ്പ് വാക്സിൻ ബഹുജന ഉപയോഗത്തിന് തയ്യാറാകാൻ സാധ്യതയില്ല" ഫരീദാബാദിലെ ട്രാൻസ്ലേഷനല്‍ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഗഗൻ‌ദീപ് കാങ് പറഞ്ഞു.

ലോകത്ത്  20 ലക്ഷത്തിലധികം പേരെ ബാധിക്കുകയും 1,30,000 മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത വൈറസിന് എതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യൻ ശാസ്ത്രജ്ഞരും കണ്ണികളാണ്. ഇന്ത്യയില്‍നിന്ന് ആറ് വാക്സിനുകളാണ് കൊറോണയ്ക്ക് എതിരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍  സൈഡസ് കാലിഡ(Zydus Cadila) എന്ന കമ്പനി രണ്ടു വാക്സിനുകളും സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോളജിക്കല്‍ ഇ, ഭാരത് ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണോലോജിക്കല്‍സ്, മൈന്‍വാക്സ് എന്നീ കമ്പനികള്‍ ഓരോ വാക്സിന്‍ വീതവുമാണ് ഇന്ത്യയില്‍നിന്ന് വികസിപ്പിക്കുന്നത്.  

“സാധാരണയായി, വാക്സിനുകൾ പരിശോധനയുടെ വിവിധ ഘട്ടങ്ങൾ കടന്നുപോകാൻ നിരവധി മാസങ്ങളെടുക്കും, തുടർന്ന് അംഗീകാരങ്ങൾക്കും സമയമെടുക്കും. COVID-19 നായി, ഈ വർഷം ഒരു വാക്സിൻ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, ”ഹൈദരാബാദിലെ സി‌എസ്‌ഐആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി (സിസിഎംബി) ഡയറക്ടർ രാകേഷ് മിശ്ര പറയുന്നു. പരിശോധനയുടെ പല ഘട്ടങ്ങളും നിരവധി വെല്ലുവിളികളുമുള്ള സങ്കീർണ്ണമായ പ്രക്രിയയാണിതെന്ന്  അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ മുമ്പ് വാക്സിന്‍ വികസിപ്പിക്കാന്‍ ചെലവിട്ട സമയ ദൈര്‍ഘ്യം പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ ലോകം വളരെ മുന്നോട്ട് പോയതായി അദ്ദേഹം വ്യക്തമാക്കി.

Latest News