Sorry, you need to enable JavaScript to visit this website.

കരുത്തോടെ, കരുതലോടെ.... 

മഹാമാരി പിടിച്ചുലച്ച പല നാടുകളിലും ഇതെഴുമ്പോഴും (ഏപ്രിൽ 15) പത്രം ഓഫീസുകൾ വർക്ക് അറ്റ് ഹോം ആയിട്ടില്ല. വാഷിംഗ്ടൺ പോസ്റ്റ്, സിങ്കപ്പൂരിലെ  പ്രസിദ്ധമായ ന്യൂസ്്‌ട്രെയിറ്റ് ടൈംസ് എന്നിവയൊന്നും ഇനിയും വർക്ക് അറ്റ് ഹോം നടപ്പാക്കിയിട്ടില്ല. വെല്ലുവിളിക്കാലത്ത്് പരിമിതികളെ മറികടന്ന്് പ്രവാസികളുടെ പ്രിയപത്രം ഇരുപത്തിരണ്ടാം വയസ്സിലേക്ക് പാദമൂന്നുന്നു...

മലയാളം ന്യൂസ്  ഇരുപതാണ്ടിന്റെ സഞ്ചാര വഴി താണ്ടി ഇരുപത്തി ഒന്നിൽ എത്തിയിരിക്കുന്നു. സംഭവ ബഹുലമായ ആ കാലത്തിന്റെ ഓർമച്ചിത്രം പത്രത്തിന്റെ പ്രിയ വായനക്കാരുടെയെല്ലാം മനസ്സിലുണ്ടാകും. വായനക്കാർ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മാധ്യമമാണിതെന്ന് പത്രവുമായി ബന്ധപ്പെട്ട ഒരു പാടനുഭവങ്ങൾ പറഞ്ഞു തരുന്നുണ്ട്.  
അടുത്തിടെ പത്രത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിൽ കേട്ട ഒരനുഭവം പറയാം- ഒന്നോ രണ്ടോ ദിവസം മലയാളം ന്യൂസ് എന്തോ കാരണത്താൽ  സ്റ്റാന്റിൽ കിട്ടാതായപ്പോൾ ഒരു രക്ഷിതാവ് പകരം മറ്റൊരു പത്രം വാങ്ങി എത്തിച്ചു. തങ്ങൾക്ക് മലയാളം ന്യൂസ് തന്നെ വേണമെന്ന് കുട്ടികൾ. കാരണം അവർ പത്രത്തെ അത്ര കണ്ട് മനസ്സിൽ സ്വീകരിച്ചു പോയിരുന്നു. ഏറ്റവും പുതിയ തലമുറയുടെയും വായനാ ശീലത്തെ സ്വാധീനിക്കാൻ സാധിച്ചതിന്റെ ഫലം. ഇരുപത് വർഷം മുമ്പ്്്- 2000 -  തുടക്കം പത്രത്തിന്റെ ശൈശവ ഘട്ടമായിരുന്നുവല്ലോ. അക്കാലത്ത് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ ഒരു മലയാളം അധ്യാപിക അവരുടെ കഌസിലെ കുട്ടികളെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി മലയാളം ന്യൂസ്   വായിക്കാൻ പ്രേരിപ്പിച്ച കാര്യം ഈ സംഭവത്തോട് ചേർത്തു വായിക്കാം.  മാതൃഭാഷാ സ്വാധീനം വർധിപ്പിക്കൽ മാത്രമായിരുന്നില്ല ആ അധ്യാപികയുടെ ലക്ഷ്യം.  ജീവിക്കുന്ന നാടിനെ തന്റെ കുട്ടികൾ അറിയുക എന്നതായിരുന്നു.  ബഹുഭാഷാ സമൂഹത്തിൽ ജീവിക്കുന്ന പ്രവാസിക്ക് അവന്റെ സ്വപ്‌നത്തിന് നിറം നൽകാൻ  എവിടെയായാലും സ്വന്തം ഭാഷ തന്നെ വേണം.  ആ  ഭാഷയുടെ പരിപോഷണ ധർമമായിരുന്നു ഈ പത്രം കാലങ്ങളായി നിർവഹിച്ചുവന്നത്.  
സൗദിയിൽ ജീവിക്കുന്ന 80 ലക്ഷം വിദേശികളിൽ  40 ലക്ഷവും അറബിയിതര ഭാഷ സംസാരിക്കുന്നവരാണ്.  40 ലക്ഷം വരുന്ന ഈ ജനസമൂഹം അവരുടെ നാട്ടിലും ജീവിക്കുന്ന സമൂഹത്തിലും നടക്കുന്ന കാര്യങ്ങൾ അറിയാനും പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കാനും ഇവിടെനിന്ന് പ്രസിദ്ധീകരിക്കുന്ന നാല് അറബിയിതര പത്രങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് പാൻ അറബ് ദിനപത്രവും മലയാളം ന്യൂസിന്റെ സഹോദര പ്രസിദ്ധീകരണവുമായ ശർഖുൽ ഔസത് മാർക്കറ്റിൽ നടത്തിയ പഠനത്തിന് ശേഷം ഒരു പതിറ്റാണ്ട്  മുമ്പ് എഴുതുകയുണ്ടായി. 
ഇവയിൽ മൂന്നും (അറബ് ന്യൂസ്, ഉറുദു ന്യൂസ്, മലയാളം ന്യൂസ്)  സൗദി റിസർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനിയിൽ നിന്നു തന്നെയുള്ളവയാണ്. 
പത്രത്തെ ഇതുപോലെ ചേർത്തു പിടിക്കുന്ന ഏതെങ്കിലും വായനാ സമൂഹമുണ്ടാകുമോ എന്ന് സംശയമാണ്.  ഇരുപത് കൊല്ലമെന്നാൽ ഒരു പത്രത്തിന്റെ പ്രത്യേകിച്ച് പ്രവാസി പത്രത്തിന്റെ ആയുസ്സിലെ വലിയ കാലയളവ് തന്നെയാണ്.  കുറച്ചധികം  തലമുറകളിലെങ്കിലും മാതൃഭാഷാ ബന്ധവും ജീവിക്കുന്ന നാടുമായുള്ള ഇഴ മുറിയാത്ത അടുപ്പവും സൃഷ്ടിച്ചെടുക്കാൻ പത്രത്തിന് സാധിച്ച കാലമാണിത്. ലോകത്ത്  ഇതിനൊരു സമാന മാതൃകയുണ്ടോ എന്നു പോലും  സംശയമാണ്.    ആദർശ പാർട്ടിക്കാരുടെ  ഒളിവ് ജീവിത കാലത്ത് അവരുടെ പത്രം കൈമാറി കിട്ടുമ്പോൾ ആർത്തിയോടെ വായിക്കൂന്ന രംഗം വായിച്ചറിഞ്ഞിട്ടുണ്ട്.  മനുഷ്യർക്ക് പ്രത്യയശാസ്ത്ര സ്‌നേഹമൊക്കെ കൂടുതലായി ഉണ്ടായിരുന്ന കാലത്ത് കേരളത്തിലെ ചില പാർട്ടി പ്രസിദ്ധികരണങ്ങളെയെങ്കിലും മനുഷ്യർ ഈ മട്ടിൽ നെഞ്ചോടു  ചേർത്തു പിടിച്ചിരുന്നു. 
അതൊക്കെ ചേർന്നുള്ള അനുഭവമല്ലേ മലയാളം ന്യൂസ് പകർന്നു നൽകുന്നതെന്ന്  പലപ്പോഴും തോന്നാറുണ്ട്.  മുസ്‌ലിം ലീഗ് നേതാവ് അഡ്വ. ടി.എം. സാവാൻ കുട്ടി (അദ്ദേഹം ഇന്നില്ല)  അന്നൊരു കാലത്ത്  കോഴിക്കോട്ട് നിന്നെത്തുന്ന ചന്ദ്രിക പത്രത്തിനായി തലശ്ശേരിയിൽ കാത്തിരുന്നതും എത്തിയാൽ പുതുമണത്തോടെ അത് വായിക്കുന്നതുമൊക്കെ പറഞ്ഞു തന്നതോർക്കുന്നു.  പാലോറ മാതയുടെ പശുവിനെ വിറ്റ കാശ് കൊണ്ട് ചെലവ് നടന്ന കാലത്തെ ദേശാഭിമാനി വായനക്കാരുടെ  അനുഭവവും മറ്റൊന്നാകില്ല. 
ജി.സി.സി നാടുകളിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലെത്തിയ പലരും മലയാളം ന്യൂസ് എന്ന പേര് കേൾക്കുമ്പോൾ കാണിക്കുന്ന ആവേശം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.  അവരിൽ പലരും പത്രം നെഞ്ചോടു ചേർത്തു വായിച്ചവരായിരുന്നു. നാട്ടിൽ വന്ന് എത്രയോ പത്രങ്ങൾ കണ്ടിട്ടും അവർക്കൊന്നും മലയാളം ന്യൂസിനോടുള്ള ഹൃദയ ബന്ധം വിട്ടുമാറുന്നില്ല. 
ഇതെല്ലാം പത്രവുമായി ബന്ധപ്പെട്ട് അതിന്റെ വായനക്കാരുടെയും സ്‌നേഹിക്കുന്നവരുടെയും അനുഭവമാണെങ്കിൽ ഈ പത്രത്തിന്റെ പിറവിയും നടത്തിപ്പുമെല്ലാം എത്രയോ പുതുമയുള്ളതാണെന്ന കാര്യം അധികപേർക്കും അറിയില്ല. എന്തിനധികം കോവിഡ്19 എന്ന മഹാമാരിയുടെ കാലത്ത് പത്രത്തിന്റെ എഡിറ്റോറിയൽ ഡെസ്‌ക് എങ്ങനെ പ്രവർത്തിക്കുന്നുവെന്നറിയുന്നതും കാര്യങ്ങൾ മനസ്സിലാക്കുന്നവർക്ക് പുതുമയുള്ളതായിരിക്കും. മലയാളം ന്യൂസ് കോവിഡ്19 ന്റെ കാലത്ത് പൂർണമായും 'വർക്ക് അറ്റ് ഹോം' ആയാണ് മുന്നോട്ട് പോകുന്നത്.  മഹാമാരി പിടിച്ചുലച്ച പല നാടുകളിലും ഇതെഴുമ്പോഴും (ഏപ്രിൽ 15) പത്രം ഓഫീസുകൾ വർക്ക് അറ്റ് ഹോം ആയിട്ടില്ല. വാഷിംഗ്ടൺ പോസ്റ്റ്, സിങ്കപ്പൂരിലെ  പ്രസിദ്ധമായ ന്യൂ സ്‌ട്രെയിറ്റ് ടൈംസ് എന്നിവയൊന്നും ഇനിയും വർക്ക് അറ്റ് ഹോം നടപ്പാക്കിയിട്ടില്ല. വാർത്താ മുറികളിൽ നിന്ന് പരുവപ്പെടുന്ന വാർത്തകളിലും തലക്കെട്ടുകളിലും തന്നെയാണ് ലോകത്തെങ്ങുമുള്ള പത്രസമൂഹത്തിന് എന്നും താൽപര്യം. കോഴിക്കോട്ടെ ജനയുഗം ഓഫീസ് സന്ദർശിച്ചപ്പോൾ അവിടെ കേട്ട ചർച്ചയും കോലാഹലവും കണ്ട്  സി. അച്യുതമേനോൻ ഡയറിക്കുറിപ്പിൽ പത്രാധിപന്മാരുടെ അച്ചടക്ക രാഹിത്യമായി അതിനെ നിഷ്‌കളങ്കമായി വ്യാഖ്യാനിച്ചതോർക്കുന്നു. യഥാർഥത്തിൽ സജീവമായ ഒരു ന്യൂസ് റൂമിന്റെ ചിത്രമായിരുന്നു അച്യുതമേനോൻ അന്ന് അവിടെ കണ്ടത്. പത്രം ഓഫീസുകളെ സംബന്ധിക്കുന്ന  യാഥാർഥ്യം അതായിരിക്കേ മലയാളം ന്യൂസ് എത്രയോ ദിവസങ്ങളായി വർക്ക് അറ്റ് ഹോമിലാണ് കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. സംശയ നിവാരണമൊക്കെ നവമാധ്യമങ്ങൾ വഴി. 'സാധ്യമാണ് 'എന്നത് കേരളത്തിലെങ്കിലും ഇക്കാലത്ത് വലിയ മടുപ്പുണ്ടാക്കുന്ന ക്ലീഷെ പദമായിപ്പോയിട്ടുണ്ട്.  ഒന്നിനും കഴിവില്ലാത്തവർ പരാജയം മറക്കാൻ  ആ വാക്ക് നിരന്തരം ഉപയോഗിക്കുന്നതുകൊണ്ടാണത്. പക്ഷേ മലയാളം ന്യൂസിന് സാധ്യമാണ് എന്ന പദം അതിന്റെ പിറവിക്കൊപ്പം കൂടെ കിട്ടിയതാണ്. 
വർക്ക് അറ്റ് ഹോം മഹാവിജയമായപ്പോൾ പത്രത്തിന്റെ എഡിറ്റർ ഇൻ - ചീഫ് താരിഖ് മിശ്ഖസ് മടിയൊന്നും കൂടാതെ തന്റെ ടീമിന്റെ പ്രവർത്തനത്തെ ഹൃദയം തൊട്ട് അഭിനന്ദിച്ചു- സാധ്യമാണ് എന്നത് ആളുകളെ വെറുതെ വെറുപ്പിക്കുന്ന വർത്തമാനമല്ലെന്ന് തന്റെ സ്റ്റാഫ് വിജയകരമായി തെളിയിച്ചതു കണ്ടു. 
ഇരുപത് വർഷം കൊണ്ട് മലയാളം ന്യൂസ് എന്ന സംവിധാനം സ്ഥാപിച്ചെടുത്തത് തകർക്കാൻ പറ്റാത്ത ഒരു സിസ്റ്റവുമായിരുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു ഈ വിജയമെല്ലാം.  മനുഷ്യ സാധ്യമായ വിധത്തിലെല്ലാം ആ സിസ്റ്റം പരിമിതികൾക്കകത്തും ശക്തമായി മുന്നോട്ട് പോകുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാൻ പലപ്പോഴും പറയാറുള്ള കാര്യം ഓർമ വരുന്നു- എനിക്ക് കീഴിൽ ഇമ്മട്ടിൽ മുന്നോട്ടു പോയാൽ ലോകത്തെവിടെയും മാധ്യമ നടത്തിപ്പ് എന്നത് നിങ്ങൾക്കെല്ലാം നിസ്സാരമായി സാധ്യമാകും. അതെ, പ്രിയ ഉസ്താദായിരുന്നു ശരി എന്ന് പ്രതിസന്ധിക്കിടയിലും ഇറങ്ങുന്ന പത്രം സാക്ഷ്യം തരുന്നു. 
സജീവമായൊരു വെബ് പോർട്ടലും ഉണ്ടെന്നതാണ് ഇരുപത്തിയൊന്നിന്റെ സഞ്ചാര പഥത്തിലെ മറ്റൊരു നേട്ടം. ലോകം മുഴുവൻ വീട്ടിലിരിക്കുന്ന ഇക്കാലത്ത് മലയാളം ന്യൂസ് വെബ് പോർട്ടലിന്റെ പ്രാധാന്യവും വായനക്കാർ തിരിച്ചറിയുന്നുണ്ടെന്നതിന് വെബ് ഹിറ്റുകളാണ് തെളിവ്.
മേഖലയിലെ എത്രയെത്ര പ്രതിസന്ധികൾക്കാണ് ഈ പത്രം സാക്ഷ്യം വഹിച്ചത്! നിരവധി യുദ്ധങ്ങൾ. തിരിച്ചുപോക്കിന്റെ ഊതിപ്പെരുപ്പിച്ചതും തീർത്താലും തീരാത്തതുമായ ആകുലതകൾ. ഇതാ എല്ലാം തീർന്നു എന്ന ആശങ്ക നിറഞ്ഞ വർത്തമാനങ്ങൾ. എരിതീയിലേക്ക് ലോക സാമ്പത്തിക മാന്ദ്യത്തിന്റെ  എണ്ണ  ചോർന്നിറങ്ങുന്ന നാളുകളും ഇടിത്തീ പോലെ  വന്നു വീണപ്പോൾ  ഇതാ ഇനി  എന്തായാലും രക്ഷയില്ല എന്ന്  ഒരുപാടാളുകൾ ആഗ്രഹം പറഞ്ഞിരുന്നു.  എഴുതിയിരുന്നു. ആഘോഷിച്ചിരുന്നു. ഇല്ല, ഇല്ലാ എന്ന് അപ്പോഴും ലക്ഷോപലക്ഷം മനസ്സ് യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.   പ്രാർഥിച്ചിരുന്നു. ഒടുവിൽ   ആ വിശ്വാസം തന്നെ ജയിച്ചു. സാമ്പത്തിക മാന്ദ്യത്തിലും. യുദ്ധങ്ങളിലും   ഇതാ തീരാൻ പോകുന്നു എന്നു പേടിപ്പിച്ചവരോടും സൗദി പ്രവാസി പന്തയം പറഞ്ഞു.   അവിടെയും ജയം തന്നെയായിരുന്നു അവർക്ക്. ഇപ്പോഴിതാ മഹാമാരിയും.
ശരിക്കും മാറ്റത്തിന്റെ  കാറ്റിലേക്കും കോളിലേക്കും പിറന്നു വീണ  പത്രമാണിത്. ഇന്റർനെറ്റ് കണക്ഷനുള്ള ഒരേയൊരു കംപ്യൂട്ടറും ആ കംപ്യൂട്ടറിന് പൂട്ടും താക്കോലുമൊക്കെയുള്ള നാളുകൾ കൈയിലിരിക്കുന്ന മൊബൈൽ ഫോണിൽ കംപ്യൂട്ടർ ബ്രൗസ് ചെയ്യുന്ന പുതുമുറക്കാരെ പറഞ്ഞു മനസ്സിലാക്കാൻ തന്നെ പ്രയാസമായിരിക്കും.  കേരള മുഖ്യമന്ത്രിയായിരുന്ന പരേതനായ ഇ.കെ. നായനാരുടെ ചാനൽ ചോദ്യോത്തര പരിപാടിയിൽ  ഇ-മെയിൽ പരാമർശിക്കപ്പെട്ടപ്പോൾ 'അതിനു  നമുക്കതുണ്ടോടോ' എന്ന നിഷ്‌കളങ്കതയുടെ നന്മ നിറഞ്ഞ സംശയം കേരളം ഒരു കാലത്ത് കേട്ടതാണ്.  നായനാരെ കേട്ട് എല്ലാവരും അന്ന്  വിഡ്ഢിച്ചിരി  ചിരിച്ചെങ്കിലും അന്ന് അധിക പേരുടെയും അവസ്ഥ അതു തന്നെയായിരുന്നു.  ഇന്നിപ്പോൾ ആധുനിക കംപ്യൂട്ടറിന് മുന്നിൽ വാർത്ത തെരയുന്ന പുതുതലമുറ   ഈ പത്രത്തിന്റെ പിറവിയുടെ നാളിൽ  വാക്കുകൾ കൂട്ടിച്ചൊല്ലാൻ കഴിയാത്ത  കുഞ്ഞുങ്ങളായിരുന്നു.  അതെ,  അനിവാര്യമായ തലമുറ കൈമാറ്റത്തിന്റെ കാലവും ഈ പ്രസിദ്ധീകരണം മുൻകടന്നിരിക്കുന്നു.  
സെപ്റ്റംബർ ഇലവനും സദ്ദാം വീഴുന്ന ഇറാഖും അഫ്ഗാനിസ്ഥാൻ കുരുതിയും ഗുജറാത്ത് കലാപവും കാർഗിൽ പോരാട്ടവും ഇന്ത്യയിലെ ഞെട്ടിക്കുന്ന ഭരണ മാറ്റവും എല്ലാം ..എല്ലാം.  മഹാനായ ഫഹദ് രാജാവിൽനിന്ന്  അബ്ദുല്ല രാജാവിലേക്ക്   ഈ നാടിന്റെ നേതൃത്വം മാറിയത് ഈ പത്രത്തിനൊപ്പം അടയാളപ്പെട്ട മഹാചരിത്രം. ഇപ്പോഴിതാ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും മഹനീയ നേതൃത്വം.പത്രമുന്നേറ്റത്തിന്റെ അർധപാതയിലെവിടെയോ പത്രഗ്രൂപ്പിന്റെ സാരഥി  അഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഈ ലോകം വിട്ടുപോയത് പത്ര കുടുംബത്തിന്റെ വേദന നിറഞ്ഞ മറ്റൊരു ഓർമ.  എല്ലാ മാറ്റങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷവും കരുത്തിന്റെ കൈകളിൽ, കരുതലിന്റെ കാവലിൽ പത്രമിപ്പോഴും  തലയുയർത്തി നിൽക്കുന്നു.

Latest News