മുംബൈ- ഏപ്രില്‍ 14 ന് ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ ഏപ്രില്‍ 15 മുതല്‍ ടിക്കറ്റെടുത്തവര്‍ക്ക് ആഭ്യന്തര വിമാന കമ്പനികള്‍ പണം തിരികെ നല്‍കുന്നില്ല.
റദ്ദാക്കിയ ടിക്കറ്റുകളുടെ പണം തിരികെ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചുവെങ്കിലും യാത്രക്കാരെ കബളിപ്പിക്കുന്ന നയം തിരുത്താന്‍ വിമാന കമ്പനികള്‍ തയാറാകുന്നില്ല. ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നാണ് കമ്പനികളുടെ ന്യായീകരണം.
ഒരു വര്‍ഷത്തിനകം യാത്രചെയ്യാനാണ് ഇവരോട് കമ്പനികള്‍ ആവശ്യപ്പെടുന്നത്. മാര്‍ച്ച് 25നാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ ഏപ്രില്‍ 14 വരെ റദ്ദാക്കിയിരുന്നു. 14നുശേഷം എയര്‍ ഇന്ത്യ ഒഴികെയുള്ള കമ്പനികള്‍ ടിക്കറ്റ് ബുക്കിംഗ് തുടരുകയും ചെയ്തു. എന്നാല്‍, ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയിട്ടും പണം തിരിച്ചുകൊടുക്കേണ്ടെന്ന തീരുമാനത്തില്‍ വിമാനക്കമ്പനികള്‍ ഉറച്ചുനില്‍ക്കുകയാണ്.
പ്രതിസന്ധിയിലായ വിമാന കമ്പനികള്‍ ഉറപ്പില്ലാത്ത ടിക്കറ്റുകള്‍ വില്‍പന നടത്തി ലക്ഷങ്ങളാണ് സ്വരൂപിച്ചിരിക്കുന്നത്. വിമാന കമ്പനികളുടെ കബളിപ്പിക്കല്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് വിവിധ കോണുകളില്‍നിന്ന്് ആവശ്യും ഉയരുകയാണ്.