അൽ ഹസ- ഹസ സൽമാനിയ്യയിൽ നിര്യാതനായ മലപ്പുറം മഞ്ചേരി ആനക്കയം പന്തല്ലൂർ വടക്കേക്കുണ്ട് സ്വദേശി ജാഫർ എന്നറിയപ്പെടുന്ന എൻ.കെ ഷൗക്കത്തി(44)ന്റെ മയ്യിത്ത് ഹസയിൽ ഖബറടക്കും. തലച്ചോറിൽ രക്തവാർച്ച ഉണ്ടായ നിലയിൽ ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൗക്കത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. തലച്ചോറിൽ ബ്ലീഡിങ് അധികരിച്ചതിനെത്തുടർന്നായിരുന്നു മരണം. തലച്ചോറിലെ രക്തം കട്ടപിടിച്ചിരുന്നത് ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ നിന്നും ദമാം മെഡിക്കൽ കോംപ്ലക്‌സിൽ കൊണ്ടുപോയി ഓപ്പറേഷൻ ചെയ്ത് നീക്കം ചെയ്തിരുന്നു. ഇടക്ക് ന്യൂമോണിയ ബാധ ഉണ്ടാവുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തു. കോവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. പിന്നീട് വീണ്ടും ഐ.സി.യുവിൽ വെന്റിലെറ്ററിൽ ആയിരിക്കെയാണ് ചൊവ്വാഴ്ച വെളുപ്പിന് മൂന്നരയോടെ മരണം. ഇരുപത്തേഴ് ദിവസമായി ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഇരുപത്തഞ്ച് വർഷമായി അൽ അഹ്‌സയിൽ ബാർബറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: നമ്പൻ കുന്നൻ അബ്ദുൽ റഹിമാൻ, മാതാവ്: ഖദീജ ചാലിയാർ കുന്ന്. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിഹാബുദീൻ (ഒൻപതാം ക്ലാസ്സ്), മുഹമ്മദ് ശിഹാബ് (ഏഴാം ക്ലാസ്സ്), ആദിൽ (ഒന്നാം ക്ലാസ്സ്).
ഇഖാമ കാലാവധി തീർന്നതിനുശേഷം പുതുക്കിയിട്ടില്ല. നാട്ടിൽ പോയിട്ട് നാലു വർഷമായി. നാട്ടിൽ പോകാനുള്ള ആഗ്രഹവുമായി സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെടുന്നതിനുള്ള ശ്രമത്തിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഹസയിൽത്തന്നെയുള്ള അടുത്ത ബന്ധു ഷിനോജിനെയാണ് ഖബറടക്കത്തിനുള്ള തുടർ നടപടി ക്രമങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നാസർ മദനി, അഷറഫ് അൽ ഗസാൽ (ഹസ കെ.എം.സി.സി), റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.