Sorry, you need to enable JavaScript to visit this website.

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നു

ബംഗലൂരു- പ്രമുഖ പത്രപ്രവർത്തകയും ഹിന്ദുത്വ വിമർശകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ അജ്ഞാതരായ ആക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം എട്ടു മണിയോടെ ബംഗലൂരുവിലെ  രാജേശ്വരി നഗറിലുള്ള സ്വന്തം വീട്ടിനു മുന്നിലാണ് ഇവർ ആക്രമിത്തിനിരയായത്. വീടിന്റെ ഗേറ്റു തുറക്കാൻ കാറിൽ നിന്നിറങ്ങുന്നതിനിടെയാണ് ഒളിഞ്ഞിരുന്ന ആക്രമി വെടിവച്ചത്. അഞ്ച് വെടിയുണ്ടകൾ നെഞ്ചു തുളഞ്ഞു കയറിയ ഗൗരി ലങ്കേഷ് സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.

ആക്രമികൾ ഉടൻ സ്ഥലം വിട്ടു. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. വൈകുന്നേരം 7.30 വരെ ജോലി ചെയ്താണ് ഗൗരി തിരിച്ചു പോയതെന്ന് അവരുടെ ഒരു സുഹൃത്ത് പറഞ്ഞു. കടുത്ത ഹിന്ദുത്വ വിമർശക കൂടിയായ ഗൗരി എഴുത്തുകാരനും നക്‌സലേറ്റുമായ പി ലങ്കേഷിന്റെ മകളാണ്. ലങ്കേഷ് പത്രികെ എഡിറ്ററും കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ കോളമെഴുത്തുകാരിയുമാണ് ഇവർ.

പ്രത്യയശാസ്ത്ര പരമായ വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദുത്വ വലതു പക്ഷത്തിന്റെ വിമർശകയായിരുന്ന ഗൗരിയുടെ കൊലപാതകം രണ്ടു വർഷം മുമ്പ് നടന്ന യുക്തിവാദി നേതാവ് എം എം കൽബുർഗിയുടെ കൊലയ്ക്കു സമാനമാണ്. കന്നഡ യൂണിവേഴ്‌സിറ്റി വിസിയായിരുന്ന കൽബുർഗിയും ഹിന്ദുത്വത്തിന്റെ വിമർശകനായിരുന്നു. 

ബിജെപിയുടെ ഫാസിസ്റ്റ്, വർഗീയ രാഷ്ട്രീയത്തെ താൻ തുറന്നെതിർക്കുന്നതായി കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ ഗൗരി ലങ്കേഷ് പറഞ്ഞിരുന്നു. ബിജെപി വ്യാഖ്യാനിക്കുന്ന ഹിന്ദു ധർമത്തേയും അതിന്റെ ജാതി വ്യവസ്ഥയേയും താൻ എതിർക്കുന്നതായും അവർ പറഞ്ഞിരുന്നു.

55കാരിയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ നെടുക്കം അറിയിച്ചു പ്രമുഖർ പ്രതികരിച്ചു.

Latest News