ന്യൂദല്‍ഹി- മേയ് മൂന്നു വരെയുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയത് 39 ലക്ഷത്തില്‍ അധികം ടിക്കറ്റുകള്‍. ലോക്ഡൗണ്‍ അവസാനിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ഏപ്രില്‍ 15 മുതലുള്ള തീയതികളില്‍ യാത്ര ചെയ്യാനായി ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളാണ് റെയില്‍വെ റദ്ദാക്കിയത്. റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു.
മെയ് മൂന്നിനു മുമ്പായി ഏതെങ്കിലും ആവശ്യത്തിനായി സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ പദ്ധതിയില്ലെന്നും റെയില്‍വേ ട്വീറ്റ് ചെയ്തു.
21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഏപ്രില്‍ 15 മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനായി ഓണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിംഗിനു അവസരം നല്‍കിയിരുന്നു. തുടര്‍ന്നാണ് 39 ലക്ഷം യാത്രക്കാര്‍ മേയ് മൂന്ന് വരെയുള്ള ദിവസങ്ങളിലേക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
മെയ് മൂന്നിനു മുമ്പ് ഏതെങ്കിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നതു സംബന്ധിച്ച് തെറ്റായി വാര്‍ത്ത നല്‍കരുതെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും റെയില്‍വെ ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു. സ്വദേശത്തേക്കു പോകുന്നതിനായി സ്‌പെഷ്യല്‍ ട്രെയിന്‍ സജ്ജമാക്കുന്നെന്നു ചൂണ്ടിക്കാട്ടി മുംബൈയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വെ ഈ വിശദീകരണം നല്‍കിയത്.