സാധാരണക്കാരനെ വിവാഹം ചെയ്യുന്ന ജപ്പാൻ രാജകുമാരി
രാജകുടുംബത്തിൽനിന്ന് പുറത്തേക്ക്
ടോക്യോ - ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ പൗത്രി മകോ രാജകുമാരിയും കാമുകൻ മുൻ സഹപാഠി കെയ് കോമുറോയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതോടെ ജപ്പാൻ രാജകുടുംബത്തിലെ വേറിട്ട കീഴ്‌വഴക്കം ലോകമൊട്ടാകെ ചർച്ചാ വിഷയമായിരിക്കുന്നു. കൊട്ടാരത്തിലെ നിയമമനുസരിച്ച് സാധാരണക്കാരനായ കോമുറോയെ വിവാഹം ചെയ്യുന്നതോടെ മക്കോ രാജകുമാരിക്ക് രാജകുടുംബാംഗമെന്ന പദവി നഷ്ടമാകും. ഈ പദവി സന്തോഷ പൂർവ്വം ത്യജിക്കാൻ തയാറായ രാജകുമാരി കോമുറോയുമൊത്ത് സന്തോഷകരമായ കുടുംബ ജീവിതം കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ചക്രവർത്തി ഈ ബന്ധത്തിന് അനുമതി നൽകിക്കഴിഞ്ഞു.
രാജകുടുംബത്തിലെ പുരുഷൻമാർക്ക് പുറത്ത് നിന്ന് ആരേയും വിവാഹം ചെയ്യാം. അതേസമയം വനിതകൾ സാധാരണക്കാരെ വിവാഹം ചെയ്താൽ രാജകുടുംബാംഗമെന്ന പദവി നഷ്ടമാകുന്നതാണ് ജപ്പാനിലെ നിയമം. ഈ ബന്ധത്തിൽ താൻ ശരിക്കും സന്തുഷ്ടയാണെന്നും പദവി നഷ്ടം എനിക്ക് കുട്ടിക്കാലം തൊട്ടെ അറിയാവുന്നതാണെന്നുമായിരുന്നു മകോയുടെ പ്രതികരണം.
25കാരായ മകോയും കോമുറോയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മേയിലാണ് ഇരുവരുടേയും പ്രണയം ലോകമറിയുന്നത്. ഞായറാഴ്ച നടന്ന ചടങ്ങിൽ ഇരുവരും ഒന്നിച്ചാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. വിവാഹമുറപ്പിക്കൽ ചടങ്ങ് ജൂലൈയിൽ നടത്താനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം 2018ലാണ് നടക്കുകയെന്ന് ഇംപീരിയൽ ഹൗസ്‌ഹോൾഡ്‌സ് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ചക്രവർത്തി അകിഹിതോയുടെ രണ്ടാമത്തെ മകനായ അകിഷിനോ രാജകുമാന്റെ ഇളയ പുത്രിയാണ് മക്കോ.
ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റിയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 2012ൽ വിദേശ പഠനവുമായി ബന്ധപ്പെട്ട ഒരു ക്യാമ്പിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തതോടെ ഇരുവരും ഏറെ അടുത്തു. ശേഷം മക്കോ എഡിൻബറോ യൂണിവേഴ്‌സിറ്റിയിലും കോമുറോ ലോസ് ആഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലുമാണ് തുടർ പഠനം നടത്തിയത്. വിദേശത്തേക്ക് പഠനത്തിനു പോകുന്നതിനു മുമ്പെ തന്നെ തങ്ങൾ ഡേറ്റിങ് നടത്തിയിരുന്നതായും കോമുറോ പറഞ്ഞു.
മക്കോയുടെ വിവാഹം ഉറപ്പിച്ചതോടെ രാജകുടുംബത്തിലെ വനിതകൾക്കു മാത്രമായി ഇത്തരമൊരു നിയമം നിലനിർത്തേണ്ടതുണ്ടോ എന്ന ചർച്ചയാണ് ചൂടുപിടിക്കുന്നത്. രാജകുടുംബത്തിലെ പുരുഷൻമാർ സാധാരണക്കാരെ വിവാഹം ചെയ്താൽ രാജകുടുംബത്തിനു പുറത്തുപോവില്ല. മാത്രവുല്ല അവരുടെ ഭാര്യമാർക്ക് രാജകുടുംബ പദവി ലഭിക്കുകയും ചെയ്യും. അകിഹിതോ ചക്രവർത്തിയും അദ്ദേഹത്തിന്റേ രണ്ടു ആൺ മക്കളും വിവാഹം ചെയ്തത് രാജകുടുംബത്തിനു പുറത്തു നിന്നായിരുന്നു. രാജകുടുംബത്തിൽ ജനിച്ച സ്ത്രീകളെ രാജകീയ ചുമതലകളിൽ തുടരാൻ അനുവദിക്കുന്ന തരത്തിൽ നിയമം മാറ്റണമെന്ന ചർച്ചയും ഇപ്പോൾ ചുടുപിടിച്ചിട്ടുണ്ട്.