അഹമ്മദാബാദ്- ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കോവിഡ് നിരീക്ഷണത്തില്‍ . കൊവിഡ് സ്ഥിരീകരിച്ച എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ക്വാറന്റൈനില്‍ കഴിയാന്‍ വിജയ് രൂപാണി തീരുമാനിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം വിജയ് രൂപാണി കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത എംഎല്‍എ ഇമ്രാന്‍ ഖെദവാലയ്ക്ക് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെയാണ് ഇമ്രാന്‍ ഖെദവാല അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അകലം പാലിച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ 15-20 അടി അകലത്തിലായിരുന്നു രോഗം സ്ഥിരീകരിച്ച എംഎല്‍എ ഇരുന്നത്. ശരീരിക സമ്പര്‍ക്കം ഉണ്ടായിട്ടില്ല.
കോവിഡ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ രൂപാണി പ്രകടിപ്പിപ്പിച്ചില്ലെങ്കിലും ബുധനാഴ്ച കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.