ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങള്‍ മറികടന്ന് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സ്വയം മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറി. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിന്റെ പരിഷ്കരിച്ച ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കത്തില്‍ പറയുന്നു.
"ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ദുർബലപ്പെടുത്താൻ കഴിയില്ലെന്ന് ഞാൻ നേരത്തേ നല്‍കിയ കത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ഈ പ്രദേശങ്ങൾക്ക് ഇതിനേക്കാല്‍ കർശനമായ നടപടികൾ ഏർപ്പെടുത്താവുന്നതാണ്" ഭല്ല കത്തിൽ വ്യക്തമാക്കി. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും നിർദ്ദേശം നല്‍കണമെന്ന് അദ്ദേഹം കത്തില്‍ സർക്കാരുകളോട് അഭ്യർത്ഥിച്ചു.
നേരത്തേ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 3 വരെ നീട്ടിയിരുന്നു. ഏപ്രില്‍ 20 മുതല്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി ലഘൂകരിക്കുമെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാര്‍ ഇതുസംഭന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്നാണ് പുറപ്പെടുവിച്ചത്.