ന്യൂദൽഹി- റോഹിങ്ക്യൻ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് നിരാശജനകമാണെന്ന് മുസ്്‌ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീർ. റോഹിങ്ക്യൻ അഭയാർത്ഥികളെ നാട് കടത്താനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറമണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയക്കുന്നത് തടയണമൊവശ്യപ്പെട്ടുകൊണ്ട് അഭയാർത്ഥികളിൽ ചിലർ നൽകിയ ഹരജി സുപ്രീകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 40,000 ത്തോളം റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഇന്ത്യയിലുള്ളത്. ഇതിൽ പകുതിയോളം പേർക്ക് യു.എൻ.എച്ച്.ആർ.സിയുടെ അഭയാർത്ഥി കാർഡുണ്ട്. ഇവരെയടക്കം നാട് കടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞത്. യു.എന്നുമായുള്ള കരാർ പ്രകാരം അഭയാർത്ഥികളെ സംരക്ഷിക്കാൻ കടമയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന ജനതയെന്ന് യു.എൻ തന്നെ വിശേഷിപ്പിച്ച വിഭാഗമാണ് റോഹിങ്ക്യോകൾ. ഈ ജനതക്കെതിരെയുള്ള ആക്രമണങ്ങൾ രൂക്ഷമായിരിക്കുന്നു. ഏതാണ്ട് 2600 ളം വില്ലേജുകൾ അഗ്‌നിക്കിരയായിരിക്കുന്നുവെന്നാണ് അവിടെ നിന്നും ലഭിച്ചികൊണ്ടിരിക്കുന്ന പത്രവാർത്തകൾ തെളിയിക്കുന്നത്. ഓഗസ്റ്റ് 25ന് മ്യാൻമർ സേന ആക്രമണം തുടങ്ങിയ ശേഷം റോഹിങ്ക്യേകളുടെ സ്ഥിതി കൂടുതൽ ദുസ്സഹമായിരിക്കുകയാണ്.
ആർമിയുടെ കടുത്ത പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി മലമുകളിലേക്ക് ഓടിക്കയറിയ ഹതഭാഗ്യർ അവിടെ ആൾപാർപ്പില്ലാത്തത്‌കൊണ്ടും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നതുകൊണ്ടും വലിയ ഭയപ്പാടിലാണ്. ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളും കഷ്ടപ്പെടുകയാണ്. പട്ടാളക്കാർ ഉറ്റവരെ വെടിവെച്ചും കഴുത്തറുത്തും കൊല്ലുന്ന ദുരന്ത ദൃശ്യങ്ങൾ നേരിട്ട് കാണേണ്ടി വന്ന അവർ പൂർണ്ണമായും തകർന്ന നിലയിലാണ്. അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന പലരും കലാപഭൂമിയൽ കുടുങ്ങിയ ബന്ധുക്കളുടെ കാര്യത്തിൽ ആശങ്കയിലാണ്. ബംഗ്ലദേശ് സർക്കാർ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. നിരാലംബരായ ജനതയെ കൊന്നൊടുക്കി അവരുടെ കുടിലുകൾ അഗ്‌നിക്കിരയാക്കി കൊണ്ടിരിക്കുന്ന മ്യാൻമർ പട്ടാളത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരെ ലോക രാഷ്ട്രങ്ങൾ രംഗത്ത് വരുമ്പോൾ നമ്മുടെ രാജ്യം അഭയാർത്ഥികളെ നാടുകടത്താൻ തീരുമാനിച്ചത് ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര സഹമന്ത്രിയുടെ വ്യാജ പ്രചാരണങ്ങൾ ഇന്ത്യയിൽ ഇവർക്ക് നേരേയുള്ള ആക്രമണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
മ്യാൻമറിൽ നടക്കുന്ന മനുഷ്യവകാശ ധ്വംസനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.ക്രിയാത്മകമായ പ്രവർത്തിക്കേണ്ട യു.എൻ തന്നെ ഇക്കാര്യത്തിൽ പരാജയപ്പെടുമ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഇക്കാര്യത്തിൽ അഭയാർത്ഥികൾക്കനുകുലമായി രംഗത്ത് വന്ന്് മറ്റുള്ള രാഷ്ട്രങ്ങൾക്ക് മാതൃകയാകേണ്ടതായിരുന്നു. ദൽഹി, ഹരിയാന, ജമ്മു എിവടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കുകയും ആവശ്യമുള്ള ഭക്ഷണവും വസ്ത്രങ്ങളും മുസ്്‌ലിം ലീഗ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. അവർ അനുഭവിക്കുന്ന കഷ്ടതകൾ വെച്ച് നോക്കുമ്പോൾ അതൊന്നുമല്ല. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗ് ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് പ്രതിനിധികൾ ഇന്ത്യയിലുള്ള യു.എൻ. പ്രതിനിധികളെ ഉടൻ തന്നെ കാണുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.