ചണ്ഡീഗഡ്- കോവിഡ് വ്യാപനം സെപ്തംബര്‍ വരെ തുടരുമെന്ന വിദഗ്ദരുടെ സൂചനയെ തുടര്‍ന്ന് അതുവരെ രാജ്യം അടച്ചിടുന്നത് അസാദ്ധ്യമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
അതിനാല്‍ അനുയോജ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അമരീന്ദര്‍ സിംഗ്.മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ വരെ കോവിഡ് പടരുമെന്ന് വിദഗ്ദ്ധര്‍ എന്നോട് പറയുന്നു. അതുവരെ ഞങ്ങള്‍ക്ക് ആളുകളെ ലോക്ക് ഡൗണില്‍ നിര്‍ത്താന്‍ കഴിയില്ല. ലോക്ക് ഡൗണിന് ശേഷവും വൈറസ് പടരാതിരിക്കാന്‍ ഞങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കും' അമരീന്ദര്‍ സിംഗ് പറഞ്ഞു.
ആശുപത്രി നവീകരണത്തിനായി 729 കോടി രൂപ, അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിന് 550 കോടി രൂപ, 4,400 കോടി രൂപയുടെ ജി.എസ്.ടി കുടിശിക ഉള്‍പ്പെടെയുള്ള പ്രത്യേക പാക്കേജ് ഇതിനോടകം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി അനുകൂല സൂചനകള്‍ നല്‍കിയിട്ടും പാക്കേജ് ഇനിയും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.