Sorry, you need to enable JavaScript to visit this website.

വയര്‍ പോര്‍ട്ടലിനെതിരായ നീക്കത്തെ അപലപിച്ച് 3500 പ്രമുഖര്‍

ന്യൂദല്‍ഹി- ദ വയര്‍ വെബ് പോര്‍ട്ടല്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ന്യായാധിപന്മാരും കലാകരന്മാരുമടക്കം 3500 പ്രമുഖര്‍ ഒപ്പിട്ട പ്രസ്താവന.

വരദരാജനെതിരായ കേസ് മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്ന് സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു. പത്രസ്വതന്ത്ര്യം ഹനിക്കാന്‍ കോവിഡ് മഹാമാരി മറയാക്കരുതെന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് പ്രമുഖര്‍ ആവശ്യപ്പെട്ടു.

മുന്‍ സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോക്കൂര്‍, മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി കെ. ചന്ദ്രു, മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജി അഞ്ജന പ്രകാശ് , നാവിക സേനാ മേധാവികളായിരുന്ന അഡ്മിറല്‍ രാംദാസ്, അഡ്മിറല്‍ വിഷ്ണു ഭാഗവത്, മുന്‍ ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു.

ദ വയറിനും പത്രാധിപര്‍ക്കുമെതിരെ യു.പി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഞെട്ടിക്കുന്നതാണെന്നും കോവിഡ് സമയത്ത് മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റം അറിയാനുള്ള അവകാശമാണ് ഹനിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.  എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നും മഹമാരിക്കിടെ മാധ്യമങ്ങളെ വര്‍ഗീയവല്‍കരിക്കരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തബ് ലീഗ് ജമാഅത്ത് സമ്മേളനം നടന്ന ദിവസം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടുവരെ രാമനവമി ആഘോഷം വിപുലമായി നടത്താന്‍ യു.പി. മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടുവെന്നും രാമഭഗവാന്‍ കൊറോണ വൈറസില്‍നിന്ന് ഭക്തരെ രക്ഷിക്കുമെന്നും വരദരാജന്‍ ട്വീറ്റ് ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു.

ഹിന്ദുത്വ നേതാവും അയോധ്യക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ആചാര്യ പരമഹംസാണ് ഭക്തരെ  കൊറോണ വൈറസില്‍നിന്ന് രാമന്‍ രക്ഷിക്കുമെന്ന് പറഞ്ഞതെന്നും ആദിത്യനാഥല്ല, ഇദ്ദേഹമാണ് രാമനവമി ആഘോഷത്തിന് ആഹ്വാനം ചെയ്തതെന്നും വരദരാജന്‍ പിന്നീട് തിരുത്തി ട്വീറ്റ് ചെയ്തിരുന്നു.

കേസുകളില്‍ കുടുക്കി വയര്‍ പോര്‍ട്ടല്‍ അടപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോവിഡ് വ്യാപനത്തിനു പിന്നില്‍ മുസ്ലിംകളാണെന്ന് വരുത്തിതീര്‍ക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുമ്പോഴാണ് പോലീസ് നടപടിയെന്നും പ്രസ്താവനയില്‍ പറയുന്നു.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, മുന്‍ റുമേനിയ അംബാസഡര്‍ ജൂലിയോ റിബേറോ, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എം.എസ്. ഗില്‍, എഴുത്തുകാരായ വിക്രം സിംഗ്, നയന്‍താര സഹ്ഗല്‍, അരുന്ധതി റോയി, അനിതാ ദേശായി, കെ.സച്ചിദാനന്ദന്‍, കിരണ്‍ ദേശായി തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടും.

 

Latest News