മുംബൈ- ബാന്ദ്ര തെരുവിൽ ഇതരസംസ്ഥാന തൊഴിലാളികളെ തെരുവിലേക്കിറക്കി പ്രതിഷേധസമരത്തിന് നേതൃത്വം നൽകിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിനയ് ദുബെ എന്ന സ്വയം പ്രഖ്യാപിത തൊഴിലാളി നേതാവിനെയാണ് അറസ്റ്റ് ചെയ്തത്. ഛലോ ഗർ കി ഒറേ(നമുക്ക് വീട്ടിലേക്ക് പോകാം) എന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി ക്യാംപയിൻ നടത്തിയാണ് ഇയാൾ തൊഴിലാളികളെ തെരുവിലേക്ക് ഇറക്കിയത് എന്നാണ് വിവരം. ഇന്നലെ ആദ്യഘട്ട ലോക്ഡൗൺ അവസാനിക്കുന്നതോടെ തൊഴിലാളികൾക്ക് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകാൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടിരുന്നു.
യു.പി, ബിഹാർ, പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്നായിരുന്നു ആവശ്യം. തൊഴിലാളികൾ ഇവിടെ നിരാശരും പട്ടിണിയിലുമാണെന്നും നാട്ടിലെത്തിയാൽ അവർ സ്വയം കാറന്റീന് വിധേയരാകുമെന്നുമായിരുന്നു ഇയാളുടെ പോസ്റ്റ്. ഏപ്രിൽ 14, 15 വരെ കാത്തിരിക്കുമെന്നും ഇവരെ മടങ്ങിപ്പോകാൻ അനുവദിച്ചില്ലെങ്കിൽ തൊഴിലാളികളെയുമായി നടന്നുപോകുമെന്നും ഇയാൾ വെല്ലുവിളിച്ചിരുന്നു. തൊഴിലാളികൾക്ക് ഒന്നുകിൽ വീട്ടിലേക്ക് പോകാം, അല്ലെങ്കിൽ ഇവിടെ കിടന്ന് മരിക്കാം എന്നുമായിരുന്നു മറ്റൊരു പോസ്റ്റ്. ഇയാളെ ഇന്നലെ രാത്രി നവി മുംബൈയിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.