കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ ബുര്‍ധാവന്‍ ജില്ലയില്‍ കൊറോണ ക്വാറന്റൈന്‍ കേന്ദ്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് ഗ്രാമവാസികളും പോലിസും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപതോളം പോലിസുകാര്‍ക്ക് പരിക്കേറ്റു. ജില്ലാ ആസ്ഥാനമായ അസന്‍സോളില്‍ നിന്ന് 25 കി.മീ അകലെയുള്ള ചുരുലിയയിലെ ഗ്രാമവാസികളാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് ഗ്രാമത്തിലെ യൂത്ത് ഹോസ്റ്റല്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയതിനെതിരെയാണ് പ്രതിഷേധം. കൊറോണ ക്വാറന്റൈന്‍ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് നൂറോളം വരുന്ന ഗ്രാമവാസികള്‍ സംഘടിച്ച് അക്രമം നടത്തിയത്.ചുരുളിയയിലെ ഈ ഹോസ്റ്റലിലേക്ക് കൊറോണ സംശയിച്ച രണ്ട് പേരെ പോലിസ് മാറ്റിയിരുന്നു.
ഇതേതുടര്‍ന്നാണ് സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ക്വാറന്റൈന്‍ കേന്ദ്രം ആളൊഴിഞ്ഞ മഡന്റോര്‍ ഗ്രാമത്തിലെ ഉപയോഗശൂന്യമായ സ്‌കൂള്‍ കെട്ടിടത്തിലേക്കോ ചുരുളിയക്ക് പുറത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്കോ മാറ്റണമെന്നാണ് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടത്. അസന്‍സോളില്‍ കൊറോണ ബാധിച്ച് മരിച്ച യൂനാനി ഡോക്ടറുടെ ബന്ധുക്കളെയാണ് യൂത്ത് ഹോസ്റ്റലിലേക്ക് മാറ്റിയതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.