ദുബായ് - കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബായ് പോലീസ് സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ തെര്‍മല്‍ സ്‌ക്രീനിംഗിന് ആണ് സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ പ്രയോജനപ്പെടുത്തുന്നത്. ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുടെ ശരീര താപനില സെക്കന്റുകള്‍ക്കകം ഹെല്‍മെറ്റുകള്‍ പരിശോധിക്കുമെന്ന് ദുബായ് പോലീസിലെ ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉബൈദ് അല്‍ഹത്ബൂര്‍ പറഞ്ഞു.
ആളുകളുടെ ശരീര താപനില കണ്ടെത്തുന്ന ഹെല്‍മെറ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുകയും ആളുകളുടെ മുഖവും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും തിരിച്ചറിയുന്നതിന് സഹായിക്കുകയും ചെയ്യും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഗതാഗത മേഖല സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ബ്രിഗേഡിയര്‍ ഉബൈദ് അല്‍ഹത്ബൂര്‍ പറഞ്ഞു. മേഖലയില്‍ ആദ്യമായാണ് ഇത്തരം ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്നതെന്ന് ദുബായ് പോലീസ് ഉപമേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു.
ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസിനു കീഴില്‍ ആംബുലന്‍സുകളില്‍ സേവനമനുഷ്ഠിക്കുന്നവരും സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രോഗികളുമായി ഇടപഴകുമ്പോള്‍ സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ധരിക്കുന്ന ആംബുലന്‍സ് ജീവനക്കാര്‍ക്ക് കൊറോണ ബാധ കേസുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് കോര്‍പറേഷന്‍ സി.ഇ.ഒ ഖലീഫ ബിന്‍ ദാരി പറഞ്ഞു. ആംബുലന്‍സിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ രോഗികളെ നോക്കുന്നതോടെ സ്മാര്‍ട്ട് ഹെല്‍മെറ്റ് രോഗികളുടെ ശരീര താപനില പരിശോധിക്കുകയും ശരീര താപനില കൂടുതലാണോ അതല്ല, സാധാരണ നിലയിലാണോ എന്ന കാര്യം അറിയിച്ച് ജീവനക്കാര്‍ക്ക് എസ്.എം.എസ് അയക്കുകയും ചെയ്യുമെന്ന് ഖലീഫ ബിന്‍ ദാരി പറഞ്ഞു.