സിര്‍സ- വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ കഠിന തടവു ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ ആസ്ഥാനത്തു നിന്ന് വന്‍ ആയുധ ശേഖരം പോലീസ് കണ്ടെടുത്തു. ഗുര്‍മിത് നേതൃത്വം നല്‍കുന്ന ദേര സച്ച സൗദയുടെ സിര്‍സയിലെ കേന്ദ്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തത്. പിസ്റ്റളുകളും റിവോള്‍വറുകളും .315 റൈഫിളുകളും ഉള്‍പ്പെടെ 33 ആയുധങ്ങളാണ് ലഭിച്ചതെന്ന് ഹരിയാന പോലീസ് അറിയിച്ചു. ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം നടന്ന് 10 ദിവസത്തിനു ശേഷമാണ് പോലീസ് ദേര കേന്ദ്രത്തില്‍ നിന്ന് ആയുധം കണ്ടെടുക്കുന്നത്.
ദേര സച്ച സൗദയുടെ പേരില്‍ ലൈസന്‍സുള്ള 67 ആയുധങ്ങളുണ്ട്. ഇവയില്‍ 33 എണ്ണം തങ്ങള്‍ക്കു ലഭിച്ചതായി ദേര അധികാരികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ദേര കേന്ദ്രത്തിലെത്തി ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തത്. .315 റൈഫിളുകള്‍ പരിഷ്‌കരിച്ചിരുന്നതായും പോലീസ് പറഞ്ഞു. ബാക്കിയുള്ള 34 ആയുധങ്ങള്‍ ഉടന്‍ പോലീസിനെ ഏല്‍പ്പിക്കണമെന്ന് ദേര അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദേര അധ്യക്ഷന്‍ വിപാസന ഇന്‍സാന്‍ അനുയായികളോട് ആയുധങ്ങള്‍ പോലീസിനെ ഏല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചതായും അവര്‍ പറയുന്നു.