ബംഗളൂരു- കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി മക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. മന്ത്രിയുടെ ഇത്തരം നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് മന്ത്രി നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറാണ് മക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. വിമര്‍ശനം കടുത്തതോടെ മന്ത്രി ഫോട്ടോ നീക്കം ചെയ്തു. ലോകമാകെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സ്വിമ്മിംഗ് പൂളില്‍ സമയം കളഞ്ഞ മന്ത്രിയുടെ പെരുമാറ്റം നിരുത്തരവാദപരമാണ്. സുധാകര്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.