റിയാദ്- കര്‍ഫ്യൂ സമയത്ത് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ നിയന്ത്രിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം നടപ്പാക്കിയ ഏകീകൃത പാസ് കമ്പനികള്‍ക്ക് ലഭിച്ചു തുടങ്ങി. കമ്പനികള്‍ ചേംബര്‍ അറ്റസ്റ്റ് ചെയ്തു നല്‍കിയിരുന്ന പാസുകള്‍ ഇതോടെ റദ്ദായി. റിയാദില്‍ തിങ്കളാഴ്ച നടപ്പിലാക്കിയ ഏകീകൃത പാസ് മക്കയിലും മദീനയിലും ചൊവ്വാഴ്ച മുതല്‍ നിർബന്ധമാണ്.
കര്‍ഫ്യൂ സമയം വാഹനമോടിക്കാന്‍ അനുമതിയുള്ള പ്രത്യേക വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് അവരുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകളിലെ ഇ സര്‍വീസില്‍ നിന്നാണ് പാസ് പ്രിന്റ് ചെയ്യേണ്ടത്.
ജീവനക്കാരന്റെ പേര്, ജനനതിയ്യതി, ജോലി-താമസ സ്ഥലം, ഡ്യൂട്ടി സമയം, ദിവസം എന്നിവ പൂരിപ്പിച്ച് പ്രിന്റ് ചെയ്ത ശേഷം പോലീസ് സ്‌റ്റേഷനില്‍നിന്ന് സീല്‍ ചെയ്യണം. പാസ് ദുരുപയോഗം ചെയ്യില്ലെന്നും മറ്റൊരാള്‍ ഉപയോഗിക്കില്ലെന്നും ഇതില്‍ പറഞ്ഞ സ്ഥലങ്ങളില്‍ മാത്രമേ സഞ്ചരിക്കുകയുള്ളൂവെന്നും പാസ് ലഭിക്കുന്നയാള്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
റിയാദിലെ മിക്ക സ്ഥാപനങ്ങള്‍ക്കും ആദ്യദിവസം ഇത് സംബന്ധിച്ച നടപടികളില്‍ കൃത്യതയുണ്ടായില്ല. ഇത് കാരണം ജീവനക്കാരെല്ലാം രണ്ടരയോടെ തന്നെ ഓഫീസുകളില്‍നിന്ന് മടങ്ങി. ഉച്ചയോടെയാണ് കമ്പനികള്‍ പാസ് പ്രിന്റ് ചെയ്തു തുടങ്ങിയത്. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ പോയി സീല്‍ ചെയ്ത ശേഷം ഡ്രൈവര്‍മാര്‍ വശം റൂമുകളിലെത്തിച്ചു.
ഈ പാസ് ഇല്ലാതെ ഇനി മുതല്‍ വാഹനങ്ങളുമായി ഇറങ്ങാനാവില്ല. നിയമം ലംഘിച്ചാല്‍ പതിനായിരം റിയാല്‍ പിഴ നല്‍കേണ്ടിവരും.
1. ബഖാല, സൂപ്പര്‍മാകര്‍ക്കറ്റ്, പച്ചക്കറി കട, കോഴിക്കട, മാംസക്കട, ഗോഡൗണുകള്‍, ഡെലിവറി സര്‍വീസ് റസ്റ്റൊറന്റുകള്‍, കാര്‍ ക്യുക് സര്‍വീസ് സെന്ററുകള്‍, അലക്കുകേന്ദ്രങ്ങള്‍, പ്ലംബര്‍മാര്‍, ഡ്രൈനേജ് ടാങ്കര്‍ എന്നിവ നഗര ഗ്രാമ മന്ത്രാലയത്തിന്റെ ബലദീ പോര്‍ട്ടറല്‍ https://balady.gov.sa/Services/Terms/?id=196 വഴി കൊമേഴ്ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്ത് അപേക്ഷ നല്‍കണം.
2. ഫാര്‍മസികള്‍, പോളി ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, ആശുപത്രികള്‍ എന്നിവ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് www.moh.gov.sa വഴി അപേക്ഷിക്കണം.
3. മെഡിക്കല്‍ ഉപകരണങ്ങളുടെ ഫാക്ടറി, ഫുഡ് സ്റ്റോര്‍ എന്നിവക്ക് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വെബ്‌ലിങ്ക് http://tasreeh.sfda.gov.sa/ വഴി പാസുകള്‍ ലഭിക്കും.
4. ഡെലിവറി ആപുകള്‍, ടെലകോം, ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍ എന്നിവക്ക് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വെബ്‌ലിങ്ക് www.citc.gov.sa വഴി പാസുകള്‍ ലഭിക്കും.
5. ഹാട്ടലുകള്‍, ഫര്‍ണീഷ്ഡ് അപാര്‍ട്ട്്‌മെന്റ് എന്നിവക്ക് ടൂറിസം മന്ത്രാലയം www. mt.gov.sa വഴി പാസുകള്‍ ലഭിക്കും.
6. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ചാരിറ്റി സംഘടനകള്‍ക്കും മാനവവിഭവ ശേഷി മന്ത്രാലയം www.mlsd.gov.sa വഴി പാസുകള്‍ ലഭിക്കും.
7. ചരക്ക്, പാര്‍സല്‍ വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെ https://bit.ly/3cd25Ce അല്ലെങ്കില്‍ https://bit.ly/2yYhjN9 ലിങ്ക് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യണം.
8. കസ്റ്റംസ് ക്ലിയറന്‍സ്, ലോജിസ്റ്റിക്‌സ് സര്‍വീസസ് എന്നിവ സൗദി കസ്റ്റംസ് വെബ്‌സൈറ്റ് www.customs.gov വഴി അപേക്ഷിക്കണം.
9. തുറമുഖ സേവനങ്ങള്‍ക്ക് തുറമുഖ അതോറിറ്റി www.mewani.gov.sa യില്‍ നിന്നും പാസ് നേടണം.
10. വീടുകളിലേക്ക് കുടിവെള്ള വിതരണ ടാങ്കര്‍, കൃഷിക്കാര്‍ എന്നിവ കൃഷി ജല മന്ത്രാലയ ഇ മെയില്‍ [email protected] വഴി അപേക്ഷ നല്‍കണം.
11. നജ്ം, ഇന്‍ഷുറന്‍സ്, ബാങ്കിങ് സേവനങ്ങള്‍ക്ക് സാമ വെബ്‌സൈറ്റ് www.sama.gov.sa വഴി പാസ് നേടണം.
12. പെട്രോള്‍ പമ്പ്, ഗ്യാസ് കടകള്‍ എന്നിവ ഊര്‍ജ മന്ത്രാലയ വെബ്‌സൈറ്റ് www.meim.gov.sa വഴി അപേക്ഷിക്കണം.
13. ഫുഡ് ഫാക്ടറികള്‍ വാണിജ്യ മന്ത്രാലയം വെബ്‌സൈറ്റ് www.dmmr.gov.sa വഴിയാണ് പാസ് നേടേണ്ടത്.