ജനാധിപത്യ വ്യവസ്ഥയിൽ ഭരണപക്ഷത്തോളം പ്രധാനമാണ് പ്രതിപക്ഷവും. നാടിന്റെ പൊതുവായ വിഷയങ്ങളിൽ സർക്കാറിനൊപ്പം നിൽക്കുകയും അതേസമയം സർക്കാറിന്റെ തെറ്റുകളേയും വീഴ്ചകളേയും രൂക്ഷമായി വിമർശിക്കുകയും വേണ്ടിവന്നാൽ ശക്തമായി തന്നെ സമര രംഗത്തിറങ്ങുകയുമാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുകയും പ്രവർത്തനങ്ങളിൽ ഒപ്പം കൂട്ടുകയും വിമർശനങ്ങൾ മനസ്സിലാക്കി വേണ്ട തിരുത്തലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് ഭരണപക്ഷമാണ്. ജനാധിപത്യത്തിൽ കക്ഷിരാഷ്ട്രീയത്തിനു പ്രാധാന്യമുണ്ടെങ്കിലും നാടിന്റെ പൊതുതാൽപര്യത്തിനു വിരുദ്ധമാകരുത് അത്.
ഒരർത്ഥത്തിൽ കേരള രാഷ്ട്രീയത്തിനു ചില ഗുണങ്ങളുണ്ട്. ഏറെക്കുറെ തുല്യബലമുള്ള രണ്ടു മുന്നണികൾ മാറി മാറി അധികാരത്തിലെത്തുന്നു എന്നതാണത്. മുന്നണികളായതിനാൽ ഒരു പാർട്ടിയുടെയും ആധിപത്യം ഒരു പരിധി വിട്ട് നടക്കുകയില്ല. ഇപ്പോഴത്തെ ഭരണത്തിൽ തന്നെ പല വിഷയങ്ങളിലും, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടവ, സിപിഐ പ്രതിപക്ഷത്തേക്കാൾ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ടല്ലോ. അതുപോലെ തന്നെ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്നതിനാൽ ഒരു മുന്നണിക്കും അമിതമായ ആധിപത്യം ലഭിക്കുന്നില്ല. അമിതമായ ആധിപത്യം എങ്ങനെ ജനാധിപത്യ വിരുദ്ധമാകുമെന്ന ബംഗാൾ അനുഭവം നമുക്കു മുന്നിലുണ്ടല്ലോ.
അപ്പോഴും കേരള രാഷ്ട്രീയത്തിനും ജനങ്ങൾക്കും ശാപമായി അമിതമായ കക്ഷിരാഷ്ട്രീയ താൽപര്യം മാറിയിട്ടുണ്ട്. നാടിന്റെ പൊതുവായ താൽപര്യത്തെ പോലും കക്ഷിരാഷ്ട്രീയ താൽപര്യത്തിനായി വലിച്ചെറിയുന്ന ശൈലിയാണ് ഏതാണ്ടെല്ലാ പാർട്ടികളും കുറച്ചുകാലമായി ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ രണ്ടു ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം. ലോകത്തിന്റെ എല്ലാ ഭാഗത്തോടുമൊപ്പം കേരളവും കൊറോണ വൈറസിനെതിരെ പടപൊരുതുകയാണല്ലോ. വിമർശനങ്ങൾ ഉന്നയിച്ചുതന്നെ, കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒന്നിക്കേണ്ട സമയം. എന്നാൽ അതു വേണ്ടത്ര ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സർക്കാറുമായി വേണ്ടത്ര സഹകരിക്കാൻ പ്രതിപക്ഷമോ പ്രതിപക്ഷത്തെ അർഹിക്കുന്ന രീതിയിൽ ഉൾക്കൊള്ളാൻ സർക്കാറോ തയാറാകുന്നില്ല. ചെന്നിത്തലയുടെ ഫോൺ കോളുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ പൊതു സമീപനം ഏറെ ചർച്ച ചെയ്യപ്പട്ടല്ലോ. മുല്ലപ്പള്ളിയുടെ സമീപനത്തേയും. തീർച്ചയായും അവ വിമർശനമർഹിക്കുന്നു. മറുവശത്ത് താഴേക്കിടയിലെ പ്രതിരോധ പ്രവർത്തനങ്ങളിലും ആശ്വാസ പ്രവർത്തനങ്ങളിലുമൊന്നും പ്രതിപക്ഷത്തുനിന്നുള്ളവരെ പങ്കാളികളാക്കാത്ത നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
പ്രതിപക്ഷം ഉന്നയിക്കുന്ന ഗൗരവപരമായ പല പ്രശ്‌നങ്ങൾക്കും ഉത്തരം കിട്ടാത്ത അവസ്ഥയുമുണ്ട്. സർക്കാറിന്റെ കീഴിൽ കോവിഡ്-19 നുമായി ബന്ധപ്പെട്ട വിവര ശേഖരത്തിനും മാനേജ്മെന്റിനുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയായ ടുൃശിസഹൃ ന്റെ വെബ് ആപ്ലിക്കേഷൻ ഉന്നയിക്കുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തെ കൊട്ടിഘോഷിക്കപ്പെടുന്ന തന്റെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കാര്യമായി പരിഗണിക്കുക പോലും ഉണ്ടായില്ല എന്നത് മറ്റൊരു ഉദാഹരണം. ഒരിക്കലും ജനാധിപത്യ സംവിധാനത്തിനു അനുഗുണമല്ല അത്.
ഇരുകൂട്ടരും മാറിമാറി അധികാരത്തിലെത്തുമെങ്കിലും പ്രകടമായ ചില വ്യത്യാസങ്ങൾ കാണാനാകും. ഒരു കേഡർ പാർട്ടിയല്ലാത്തതിനാൽ തന്നെ പ്രതിപക്ഷത്തിരിക്കുമ്പോൾ കാര്യമായ രാഷ്ട്രീയ പ്രവർത്തനം നടത്താത്തവരാണ് കോൺഗ്രസുകാർ. ന്യായമായ വിഷയങ്ങൾക്കു പോലും തെരുവിലിറങ്ങാനോ സമരം ചെയ്യാനോ അവർ മിനക്കെടാറില്ല. സന്നദ്ധ പ്രവർത്തനങ്ങളും അങ്ങനെ തന്നെ. അവരുടെ യുവജന - വിദ്യാർത്ഥി സംഘടനകളുടെ അവസ്ഥയും വ്യത്യസ്തമല്ല. മറുവശത്ത് യുഡിഎഫ് ഭരിക്കുമ്പോൾ സമരങ്ങളുടെ വേലിയേറ്റമാണ് കേരളം കാണാറുള്ളത്. അതിൽ പലതും കക്ഷിരാഷ്ട്രീയ താൽപര്യം മാത്രം മുൻനിർത്തിയവയും. ഭരണത്തിലിരിക്കുമ്പോൾ അവർ സമരമെന്ന മൂന്നക്ഷരം മറക്കും. സന്നദ്ധ പ്രവർത്തകരാകും. ഭരണമില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനമില്ല എന്ന സമീപനം കോൺഗ്രസും ഭരണത്തിലില്ലെങ്കിൽ സമരം മാത്രം എന്ന സമീപനം സിപിഎമ്മും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തീർച്ചയായും പാർട്ടി അണികളുടെ നിലപാടുകളും ഇവിടെ പ്രസക്തമാണ്. സ്വന്തമായ ചിന്താശേഷി നഷ്ടപ്പെട്ട, നേതാക്കൾക്ക് തല പണയം വെച്ചവരാണ് ഇന്ന് മിക്കവാറും പാർട്ടികളുടെ പ്രവർത്തകരും അനുഭാവികളും. സ്വന്തം പാർട്ടിക്കാരോ നേതാക്കളോ ചെയ്യുന്ന കൊലപാതകം മുതൽ അഴിമതി വരെയുള്ള എന്തിനേയും അവർ ന്യായീകരിക്കും. വിമർശിക്കുന്നവരെ സോഷ്യൽ മീഡിയയിലും മറ്റും കൂട്ടം ചേർന്ന് ആക്രമിക്കും. സ്വാഭാവികമായും ഇക്കാര്യത്തിൽ കേഡർ പാർട്ടികളാണ് മുന്നിൽ. കൊറോണ, പ്രളയം പോലുള്ള കാലങ്ങൾ ഇവർക്ക് സുവർണ കാലമാണ്.
എന്തെങ്കിലും വിമർശനം ഉന്നയിക്കുന്നവരെ ഈ സമയത്താണോ രാഷ്ട്രീയം പറയുക എന്നു ചോദിച്ച്, തങ്ങളുടെ രാഷ്ട്രീയം അവർ കൃത്യമായി പറഞ്ഞുകൊണ്ടേയിരിക്കും. എല്ലാവർക്കും 1000 രൂപയുടെ കിറ്റ് നൽകുന്നു എന്ന സർക്കാർ അവകാശം തെറ്റാണെന്നും ഏകദേശം 750 രൂപയുടേതാണെന്നും തെളിവു സഹിതം സമർത്ഥിച്ചവരെ, സർക്കാറിന്റെ ഔദാര്യം വേണമെങ്കിൽ വാങ്ങിയാൽ മതി എന്ന് പറഞ്ഞ എത്രയോ പേരെ നാം കണ്ടു. നിലവിലുള്ളത്, ജനാധിപത്യമല്ല, ഏകാധിപത്യമാണെന്ന് ഇപ്പോഴും ധരിച്ച് സ്വയം പൗരന്മാർക്ക് പകരം പ്രജകളായി മാറിയവർ. ന്യായീകരണം പലപ്പോഴും സിനിമാ മേഖലയിൽ കാണുന്നതിനേക്കാൾ താരാരാധനയായി മാറും. അപ്പോഴാണ് വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ അന്യായമായി കേസെടുക്കാനും ഭരണാധികാരികൾ മടിക്കാത്തത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സർക്കാറിനെതിരെ വിമർശനമുന്നയിച്ച ബിബിത്തിനെതിരെ കേസെടുത്തത് ഉദാഹരണം. തുടക്കത്തിൽ പറഞ്ഞ പോലെ ചില മേന്മകളൊക്കെ ഉണ്ടെങ്കിലും നിരവധി പരിമിതികൾ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനുണ്ട്. അവ പരിഹരിക്കാനുള്ള നീക്കമാണ് നേതൃത്വങ്ങൾ അടിയന്തരമായി ചെയ്യേണ്ടത്. എല്ലാ പാർട്ടികളും ആദ്യം ചെയ്യേണ്ടത് വൃദ്ധ നേതൃത്വങ്ങൾക്കു പകരം പുതിയ ലോകത്തോട് അതിന്റെ ഭാഷയിൽ പ്രതികരിക്കാൻ കഴിയുന്ന യുവനേതൃത്വത്തെ കൊണ്ടുവരിക എന്നതാണ്.
കോൺഗ്രസിലേക്കു നോക്കൂ. ഒരു കാലത്തെ വൃദ്ധനേതൃത്വങ്ങൾക്കെതിരെ കലാപം നയിച്ചവരാണ് ഇന്ന് കോൺഗ്രസിനെ നയിക്കുന്നത്. എന്നാൽ ചെറുപ്പക്കാർക്കായി അവർ ഒഴിഞ്ഞുകൊടുക്കുന്നില്ല. ഇവർക്കെതിരെ പട നയിക്കാൻ പുതിയ ചെറുപ്പക്കാർ തയാറുമല്ല. ഏറെക്കുറെ സമാനമാണ് മറ്റു പാർട്ടികളുടേയും അവസ്ഥ. മുതിർന്ന പൗരന്മാരായ നേതാക്കൾക്ക് ആനുപാതികമായ പ്രാതിനിധ്യം നൽകി ചെറുപ്പക്കാർ നേതൃത്വത്തിൽ വരട്ടെ.
ഹിംസയുടേയും കേവലമായ കക്ഷിരാഷ്ട്രീയത്തിന്റേയും ആരാധനയുടേയും ഭാഷ വിട്ട് ജനാധിപത്യത്തിന്റേതായ പുതിയ ഭാഷയിൽ സമൂഹത്തോട് സംവദിക്കാൻ അവർക്കാകട്ടെ. അതുവഴി കേരള രാഷ്ട്രീയത്തിനു തന്നെ പുതിയൊരു മുഖം നൽകാൻ അവർക്കു കഴിയുമെന്നുറപ്പ്.
അമിതമായ കക്ഷിരാഷ്ട്രീയ വൈറസിനെ രാഷ്ട്രീയത്തിൽ നിന്നു തുടച്ചുമാറ്റണം. അതിന്റെ തുടക്കമാകട്ടെ കൊറോണാനന്തര കാലഘട്ടം എന്നാശിക്കാം.