ന്യൂദൽഹി- ഇന്ത്യയിൽ അഭയം തേടിയെത്തിയ റോഹിങ്യ മുസ്ലിംകളെ നാടുകടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ സുപ്രീം കോടതി വിശദീകരണം തേടി. തിങ്കളാഴ്ചയ്ക്കു മുമ്പ് മറുപടി നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടത്. മ്യാൻമർ ഭരണകൂടത്തിന്റെ പീഡനം സഹിക്കാതെ അഭയം തേടി ഇന്ത്യയിലെത്തിയ റോഹിങ്യ മുസ്ലിംകളാണ് തങ്ങളെ നാടുകടത്താനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭയാർത്ഥികളായ മുഹമ്മദ് സലിമുല്ല, മുഹമ്മദ് ഷാഖിർ എന്നിവരാണ് നാടുകടത്താനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
മ്യാൻമറിൽ തങ്ങളുടെ സമുദായത്തിനെതിരെ നടക്കുന്ന വ്യാപകമായ കടുത്ത വിവേചനവും ആക്രമണങ്ങളും ജീവനും സ്വത്തിനുമുള്ള ഭീഷണിയും കാരണം രക്ഷതേടി ഇന്ത്യയിലെത്തിയതാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയും യുഎൻ ഉടമ്പടികൾക്കും വിരുദ്ധമാണ് കേന്ദ്ര സർക്കാരിന്റെ നാടുകടത്തൽ നീക്കമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. നേരത്തെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും ഇതു സംബന്ധിച്ച് സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
ആട്ടിയോടിക്കപ്പെട്ടവർ, അഭയം ലഭിക്കാത്തവർ...
മ്യാൻമറിലെ റോഹിങ്യ വംശജരുടെ പ്രദേശമായ റാഖൈനിൽ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇന്ത്യയിലെ അഭയാർത്ഥികളെ തിരിച്ചയക്കുന്ന കാര്യം കേന്ദ്ര സർക്കാർ ആലോചിച്ചത്. ഇതു ഹർജിക്കാർ ചൂണ്ടിക്കാട്ടി. മ്യാൻമറിൽ നിന്നുള്ള പാലായനം ശക്തമായി തുടരുകാണ്. പത്തു ദിവസത്തിനിടെ മാത്രം ഇവിടെ നിന്നും 73000 അഭയാർത്ഥികൾ രക്ഷതേടി ബംഗ്ലാദേശിലെത്തിയതായി യുഎൻ അഭയാർത്ഥി ഏജൻസി കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
11 ലക്ഷത്തോളം റോഹിങ്യ മുസ്ലിംകളാണ് മ്യാൻമറിൽ ഭരണകൂടത്തിന്റെ ആക്രമണത്തിനും അടിച്ചമർത്തലിനും വിധേയരായിക്കൊണ്ടിരിക്കുന്നത്. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകൾ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും കുട്ടികളെ കുത്തിക്കൊലപ്പെടുത്തുകയും വീടുകൾ തീയിച്ചു നശിപ്പിക്കുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികളും മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ട് ചെയ്യുന്നു.