ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപനം രാജ്യത്ത് നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകള്‍ ലഭിക്കുമ്പോഴും കൊറോണ മരണം കുത്തനെ കൂടുന്നു. ഇന്ന് മാത്രം 51 മരണങ്ങളാണ് വൈറസ് ബാധ മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 905 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം പതിനാല് ദിവസത്തിനിടെ 15 സംസ്ഥാനങ്ങളില്‍ നിന്നായി 25 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 9352 പേരായി. 324 പേര്‍ക്കാണ് വൈറസ് കാരണം ജീവന്‍ നഷ്ടമായത്. എത്രയും പെട്ടെന്ന് രണ്ട് ലക്ഷം ടെസ്റ്റുകള്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണ ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. നാളെ രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്യും. മഹാരാഷ്ട്ര,ഒഡിഷ,പഞ്ചാബ്,വെസ്റ്റ് ബംഗാള്‍,കര്‍ണാടക,തെലങ്കാന,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നാളെയാണ് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുക.