\ചെന്നൈ- കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ആരോഗ്യവിദഗ്ധരും ലോകാരോഗ്യ സംഘടനയുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 11ന് നടന്ന നിയമസഭാ യോഗത്തിന് ശേഷം ലോക്ക്ഡൗണ്‍ നീട്ടേണ്ടതില്ലെന്നാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ അതിന് ശേഷം കൊറോണ കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്.ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ഒരു കിലോ പഞ്ചസാര,പരിപ്പ്,ഓയില്‍,അരി എന്നിവ സൗജന്യമായി വിതരണം ചെയ്യുമെന്നും പളനിസ്വാമി അറിയിച്ചു. രാവിലെ ആറ് മുതല്‍ ഉച്ച ഒരു മണി വരെ ബേക്കറികള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ മരുന്ന് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കാനായി ടെലി മെഡിസിന്‍ സര്‍വീസും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.