മുംബൈ- 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയിൽ അതൃപ്തരായ ബി.ജെ.പി സഖ്യകക്ഷി ശിവ സേന പുതിയ രാഷ്ട്രീയ നീക്കത്തിനൊരുങ്ങുന്നതായി സൂചന. മന്ത്രിസഭാ പുനസംഘടനയിൽ അവഗണിക്കപ്പെട്ടുവെന്നാരാപിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പാർട്ടി വിട്ടുനിന്നിരുന്നു. ഇതിനു പിറകെയാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത്. മന്ത്രിസഭാ പുനസംഘടനയ്ക്കു ശേഷം എൻ എഡി എ ഏതാണ്ട് മരിച്ചുവെന്ന് കഴിഞ്ഞ ദിവസം ശിവസേന എംപി സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നു.
പാർട്ടി ഉന്ന നേതാക്കളെ കൂടാതെ മഹാരാഷ്ട്രയിലെ പാർട്ടി മന്ത്രിമാരും ഉദ്ദവ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ പ്രധാന ചർച്ച കേന്ദ്ര മന്ത്രിസഭാ പുനസംഘടന തന്നെയായിരിക്കുമെന്നാണ് സൂചന. നരേന്ദ്ര മോഡി മന്ത്രിസഭയിൽ നിലവിൽ ഒരു മന്ത്രി മാത്രമാണ് ശിവസേനക്കുള്ളത്. ഞായറാഴ്ചത്തെ പുനസംഘടനയിൽ പാർട്ടിക്ക് കടുത്ത അതൃപ്തിയാണുള്ളത്. 'ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ കടലാസിൽ മാത്രമെ ഉള്ളൂ. ബിജെപിക്ക് പിന്തുണ ആവശ്യമായി വരുന്ന നേരത്ത് മാത്രമേ ഞങ്ങളെ ഓർക്കാറുള്ളൂ. ശിവസേന ശരിയായ സമയമാകുമ്പോൾ ഒരു തീരുമാനമെടുക്കും,' റാവത്ത് പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിൽ എൻ സി പിയെ കൂടെ കൂട്ടാനുള്ള ശ്രമങ്ങൾ ബിജെപി നടത്തി വരുന്നതായി റിപ്പോർട്ടുകളുണ്ട്. ശിവസേനയെ തഴഞ്ഞ് പകരം എൻ സി പിയെ കൂട്ടുപിടിക്കാനാണ് ശ്രമമെന്നാണ് ആരോപണം. ഗുജറാത്തിൽ ഈയിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻ സി പി ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്തത് ഈ ധാരണയുടെ ഭാഗമായിരുന്നെന്നും ആരോപണമുയർന്നിട്ടുണ്ട്.
ശിവസേനയെ കൂടാതെ മുന്നണിയിൽ തിരിച്ചെത്തിയ ജെഡിയുവും തങ്ങൾ അവഗണിക്കപ്പെട്ടതിൽ അതൃപ്തരാണെന്ന് റിപ്പോർട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ജെഡിയു പ്രതിനിധികളാരും ഉണ്ടായിരുന്നില്ല.