ഓട്ടിസം ബാധിച്ച മകന് ഒട്ടകപാല്‍ വേണം,  ഇന്ത്യന്‍ റെയില്‍വേ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു  

മുംബൈ- ഇന്ത്യയില്‍ ട്രെയിനുകള്‍ ഓടാതായിട്ട് ദിവസങ്ങള്‍ ഏറെയായി എന്നു വെച്ച് ലോകത്തെ തലയെടുപ്പുള്ള റെയില്‍വേ ശൃംഖലയായ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വെറുതെ ഇരിക്കാനാവുമോ? 
രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ കാലത്ത് ചരക്കുനീക്കത്തിന് ഇന്ത്യന്‍ റെയില്‍വേ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റെയില്‍വേയുടെ ചരക്ക് ഗതാഗത സേവനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണ്.
ഇതിനിടെ മികച്ച മറ്റൊരു സേവനം കാഴ്ച വെക്കാനും റെയില്‍വേക്ക് സാധിച്ചു. 
ഓട്ടിസം ബാധിച്ച മൂന്നര വയസായ മകന് കൊടുക്കാന്‍ ഒട്ടക പാല്‍ ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് രേണു കുമാരി എന്ന യുവതിക്ക് ഒട്ടക പാല്‍ എത്തിച്ചു നല്‍കിയാണ്  റെയില്‍വേ പ്രശംസയ്ക്ക് പാത്രമായത്.  ട്രെയിന്‍ വഴിയാണ് മുംബൈ സ്വദേശിയായ യുവതിക്ക് റെയില്‍വേ ഉദ്യോഗസ്ഥര്‍ പാല്‍ എത്തിച്ചു നല്‍കിയത്.  പശു, ആട്, പോത്ത് എന്നിവയുടെ പാല്‍ മകന് അലര്‍ജി ആണെന്നും ഒട്ടക പാല്‍ മാത്രമേ കുടിക്കുകയുള്ളുവെന്നും കാണിച്ച് രേണു, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ ഇടപടല്‍.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒട്ടക പാല്‍ ലഭിക്കുന്നത് കുറവാണ്. രാജസ്ഥാനില്‍ നിന്ന് ഒട്ടക പാലോ പാല്‍പ്പൊടിയോ എത്തിച്ചു തരണമെന്നും രേണു ട്വീറ്റിലൂടെ ആവശ്യപ്പട്ടിരുന്നു. രാജസ്ഥാനിലെ സാദ്രിയില്‍ നിന്ന് ഒട്ടകപ്പാലും അതിന്റെ പൊടിയും ലഭിക്കുന്നതിന് എന്നെ സഹായിക്കൂ..' യുവതി ചെയ്ത ട്വീറ്റ് ഇന്ത്യന്‍ റെയില്‍വേ  ഉണര്‍ന്നു കണ്ടു.  ഒരു ട്രെയിന്‍ ശനിയാഴ്ച രാത്രി ഒട്ടകപ്പാലുമായി മുംബൈയില്‍ പാഞ്ഞെത്തി. അതില്‍ 20 ലിറ്റര്‍ ഒട്ടകപ്പാലുണ്ടായിരുന്നു.

Latest News