ന്യൂദല്‍ഹി- ലോക്ക്ഡൗണിനിടെ ആളും ആരവവും ഒഴിഞ്ഞ ദല്‍ഹിയിലെ റോഡുകളില്‍ രാവിലെ ആറ് മണി മുതല്‍ ഇപ്പോള്‍ പതിവായി ഒരു കാഴ്ച കാണാം. പാത്രങ്ങളുടെയും ബക്കറ്റുകളുടെയും ബിഗ്‌ഷോപ്പറുകളുടെയും കവറുകളുടെയുമൊക്കെ ഒരു നീണ്ട ക്യൂ.കൃത്യമായി അകലം പാലിച്ച് ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന വിധത്തിലുള്ള നീണ്ട വരികള്‍.രാവിലെ ആറ് മണി മുതല്‍ ക്യൂവില്‍ സ്ഥാനം പിടിക്കാന്‍ എത്തുന്നവര്‍ വരിയില്‍ വെയ്ക്കുന്നതാണിത്. കത്തുന്ന വെയിലില്‍ മണിക്കൂറുകളോളം ആളുകള്‍ കാത്തുനില്‍ക്കുന്നത് ഒരു നേരത്തെ വിശപ്പടക്കാന്‍ വേണ്ടിയാണ്. ദല്‍ഹി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള ക്യൂ ആണിത്. ആളുകളുടെ നീണ്ട നിര അവസാനിക്കാന്‍ മണിക്കൂറുകള്‍ എടുക്കുന്നതിനാല്‍ ചുട്ടുപൊള്ളുന്ന വെയില്‍ താങ്ങാനാകാതെ സമീപത്തെ തണലുകളിലേക്കും കടകളുടെ വരാന്തകളിലേക്കും മാറിയിരിക്കുകയാണ് അവര്‍.
ബദ്‌ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലുള്ള ഭക്ഷണ വിതരണ കൗണ്ടറില്‍ മാത്രം അഞ്ഞൂറോളം പേരെങ്കിലും ഭക്ഷണത്തിനായി എത്തുന്നുണ്ട്. അതിരാവിലെയെങ്കിലും എത്തിയാല്‍ മാത്രമേ ക്യൂവില്‍ സ്ഥാനം പിടിക്കാനാകു എന്നുള്ളതിനാല്‍ ആറ് മണിക്ക് തന്നെ താന്‍ എത്തുമെന്ന് ഭക്ഷണത്തിനായി എത്തിയ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പറയുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ താനും കുടുംബവും പട്ടിണിയിലാണെന്നും എന്നും ഭക്ഷണത്തിനായി ഇവിടെയെത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. 2500 ഓളം കേന്ദ്രങ്ങളാണ് ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണവിതരണത്തിനായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പരിപ്പും ചോറും പച്ചക്കറിയുമാണ് നല്‍കുക. ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച ഫുഡ് കൗണ്ടറുകളിലൂടെ പ്രതിദിനം പത്ത് ലക്ഷം പേര്‍ക്കാണ് ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇത്രയും ആളുകള്‍ ദല്‍ഹിയില്‍ ഒരു നേരത്തെ അന്നത്തിന് മറ്റ് മാര്‍ഗങ്ങളില്ലാത്തവരാണെന്ന് ഈ ലോക്ക്ഡൗണ്‍ തെളിയിക്കുന്നു.