ലണ്ടന്‍-ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്ന വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് രണ്ട് കുട്ടികളുടെ പിതാവായി. അമേരിക്കന്‍ സര്‍ക്കാറിന്റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുകയാണ് ജൂലിയന്‍ അസാന്‍ജ്. ഇതേ തുടര്‍ന്ന് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജ്. ഇവിടെ കഴിഞ്ഞിരുന്ന സമയത്തിനുള്ളില്‍ അസാന്‍ജ് രണ്ട് കുട്ടികളുടെ പിതാവായി എന്ന റിപ്പോര്‍ട്ടാണ് പ്രചരിക്കുന്നത്. തന്റെ അഭിഭാഷകരില്‍ ഒരാളായ സ്‌റ്റെല്ലാ മോറിസുമായുണ്ടായിരുന്ന രഹസ്യ ബന്ധത്തിലാണ് ജൂലിയന്‍ അസാന്‍ജിന് രണ്ട് കുട്ടികള്‍ പിറന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബിബിസിയും ടെലഗ്രാഫ് യു.കെയുമെല്ലാം വാര്‍ത്ത നല്‍കിയിട്ടുണ്ട്. അസാന്‍ജുമായുള്ള രഹസ്യ ബന്ധവും മക്കള്‍ ജനിച്ചതുമെല്ലാം വെളിപ്പെടുത്തിയത് സ്റ്റെല്ലാ മോറിസാണ്. അസാന്‍ജിന്റെ ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് ഇത്രയും കാലം രഹസ്യമാക്കി വെച്ച ഈ വിവരം ഇപ്പോള്‍ പുറത്തു വിടുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ചില തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.