Sorry, you need to enable JavaScript to visit this website.

അനിത മരിച്ചത് സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാനല്ല; നീറ്റിനെതിരെ പൊരുതി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ കുടുംബം ഏഴ് ലക്ഷം രൂപ നിരസിച്ചു

ചെന്നൈ-മികച്ച മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഏഴു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കുടുംബ നിരസിച്ചു. ' അനിത മരിച്ചത് മെഡിക്കല്‍ പ്രവേശനത്തിനായി നീറ്റില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ്, സര്‍ക്കാരിന്റെ ധനസഹായത്തിനു വേണ്ടിയല്ല,' ഏഴു ലക്ഷം രൂപയുടെ ചെക്ക് കൈമാറാനായി അരിയലൂരിലെ വീട്ടില്‍ എത്തിയ ജില്ലാ കലക്ടര്‍ ജി ലക്ഷ്മി പ്രിയയോട് അനിതയുടെ സഹോദരന്‍ മണി രത്‌നം തുറന്നടിച്ചു. 

ദരിദ്ര ദളിത് കുടുംബത്തില്‍ നിന്നും കഠിനാധ്വാനത്തിലൂടെ പഠിച്ച് മുന്നേറി ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ 17-കാരി അനിതയുടെ ആത്മഹത്യയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബം ധനസഹായം നിരസിച്ചത്. 

 പ്ലസ്ടുവില്‍ 1200 മാര്‍ക്കില്‍ 1176 മാര്‍ക്ക് സ്വന്തമാക്കിയ അനിത നീറ്റിനെതിരെ സുപ്രിം കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. നീറ്റ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക അനുസരിച്ച് അനിതക്ക് പ്രവേശനം ലഭിച്ചില്ല. തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് അനിത ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്.

മികച്ച പഠനനിലവാരം പുലര്‍ത്തിയ അനിത മെഡിക്കല്‍ പ്രവേശനത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ നിശ്ചയിച്ച 200 എന്ന കട്ടോഫ് മാര്‍ക്കില്‍ 196.5 മാര്‍ക്ക് നേടിയിരുന്നു. എന്നാല്‍ നീറ്റില്‍ 86 ശതമാനം മാര്‍ക്കു മാത്രമെ നേടാനായുള്ളു.  സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നീറ്റ് ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെയാണ് അനിത സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തിയത്.

തന്നെ പോലുള്ള ഗ്രാമങ്ങളില്‍ നിന്നു വരുന്ന ദരിദ്ര  കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വലിയ തുക മുടക്കി നീറ്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ കോച്ചിംഗിനു പോകനാവില്ലെന്നും സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികക്കെ ഇതു താങ്ങാനാകൂവെന്നും ഇതുമൂലം തങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുകയാണെന്നും സുപ്രീം കോടതിയില്‍ അനിത വാദിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ വിവിധ രാഷ്ട്രീയ കക്ഷികളും അനിത ഉന്നയിച്ച ആവശ്യവുമായി സമര രംഗത്തിറങ്ങിയിട്ടുണ്ട്. നീറ്റില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡിഎംകെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ നിരാശരാക്കുകയാണെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. തമിഴ്‌നാട് സ്വദേശികൂടിയായ കേന്ദ്ര മന്ത്രി നിര്‍മ്മല സിതാരാമന്‍ നേരത്തെ നീറ്റില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും സുപ്രീം കോടതിയില്‍ കേന്ദ്രം സ്വീകരിച്ച നിപലാട് വിരുദ്ധമായിരുന്നു.

Latest News