വാഷിങ്ടണ്‍- ഹൈഡ്രൈജന്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി ലോകത്തെ ഞെട്ടിച്ച ഉത്തര കൊറിയക്കെതിരെ സൈനിക തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ അണുസ്‌ഫോടന പരീക്ഷ വാര്‍ത്തയ്ക്കു തൊട്ടുപിറകെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗവും ട്രംപ് വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്തു. സൈനിക തിരിച്ചടി നടത്താനുള്ള സാധ്യതകളെ അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല. മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെ ആണവ പരീക്ഷണവുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയക്കെതിരെ ആക്രമണം നടത്തുമോ എന്ന ചോദ്യത്തിന് 'നമുക്കു കാണാം' എന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കുമെതിരായ ഏതൊരു ഭീഷണിയേയും കനത്ത സൈനിക തിരിച്ചടിയോടെയായിരിക്കും നേരിടുകയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും വ്യക്തമാക്കി. ഉത്തര കൊറിയയുടെ പുതിയ ബോംബ് പരീക്ഷണം യുഎസിനെ സംബന്ധിച്ചിടത്തോളം അപകടകരവും ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു.
പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര കൊറിയയുമായുള്ള വ്യാപാര ബന്ധം നിയന്ത്രിക്കുന്നത് ചൈനയ്ക്കും മറ്റു ലോകരാജ്യങ്ങള്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ട്വീറ്റുകളിലൂടെയാണ് ട്രംപ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കത്തോട് പ്രതികരിച്ചത്.