ധാക്ക- ബംഗ്ലദേശ് സ്ഥാപകൻ ശൈഖ് മുജീബ് റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ മുൻ കരസേന ക്യാപറ്റനെ തൂക്കികൊന്നു. അബ്ദുൽ മജീദ് എന്നയാളെയാണ് തൂക്കികൊന്നത്. 1975 ഓഗസ്റ്റ് 15-നാണ് ബംഗ്ലദേശ് സ്ഥാപകനായ ശൈഖ് മുജീബ് റഹ്മാനെയും കുടുംബത്തിലെ നിരവധി പേരെയും പട്ടാള അട്ടിമറിയിലൂടെ വധിച്ചത്. പാക്കിസ്ഥാനിൽനിന്ന് ബംഗ്ലദേശ് സ്വാതന്ത്ര്യം നേടി നാലു വർഷത്തിന് ശേഷമായിരുന്നു ഇത്. ഈ കേസിൽ അബ്ദുൽ മജീദിനെ 1988-ൽ വധശിക്ഷക്ക് വിധിച്ചിരുന്നെങ്കിലും അദ്ദേഹം ഒളിവിലായിരുന്നു. കഴിഞ്ഞ ചൊവാഴ്ചയാണ് ധാക്കയിൽ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ ഇയാൾ പിടിയിലായത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽ മജീദ് പ്രസിഡന്റിന് കത്ത് നൽകിയെങ്കിലും അനുവദിച്ചില്ല. തുടർന്ന് ഇന്ന് 12.01ന് തൂക്കിലേറ്റിയത്. മജീദ് ഇന്ത്യയിൽ ഒളിവിലായിരുന്നുവെന്നാണ് കരുതിയിരുന്നത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം ബംഗ്ലാദേശിലേക്ക് തിരിച്ചുപോയത്. മജീദിന്റെ ഭാര്യ കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചിരുന്നു.