ന്യൂദല്‍ഹി- കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന എയര്‍ ഇന്ത്യ. സെപ്തംബര്‍ മാസം മുതല്‍ വിവിധ വിഭാഗങ്ങള്‍ക്ക് 50 ശതമാനം വരെ ടിക്കറ്റില്‍ നിരക്കില്‍ ഇളവാണ് ദേശീയ വിമാന കമ്പനി വാഗ്ദാനം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും സൈനികര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ഈ ഇളവ്. ട്വിറ്റിലൂടെയാണ് ഓഫര്‍ കമ്പനി പ്രഖ്യാപിച്ചത്. സീറ്റ് ലഭ്യതയ്ക്കനുസരിച്ചായിരിക്കും ഈ ഓഫറുകളെന്നും കമ്പനി അറിയിച്ചു.
അവസാന തീയതി പറയുന്നില്ലെങ്കിലും ആഭ്യന്തര യാത്രകളിലെ ഇക്കോണമി ക്ലാസ് ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനു മാത്രമെ ഈ ഓഫര്‍ ബാധകമാകൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയത് യാത്രയുടെ ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്ത ടിക്കറ്റുകളിലാണ് ഓഫര്‍ ലഭിക്കുക. ടിക്കറ്റില്‍ ഇളവിനു പുറമെ 25 കിലോ സൗജന്യ ചെക്ക് ഇന്‍ ബാഗേജും യാത്രക്കാര്‍ക്ക് കരുതാം. 12-26 പ്രായഗണത്തിലുള്ള ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമെ യാത്രാ സൗജന്യം ലഭിക്കൂ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള കോഴ്‌സ് റെഗുലറായി പഠിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സൈനികര്‍ക്ക് ടിക്കറ്റ് ഇളവ് നല്‍കുന്നതിനു പുറമെ കൂടെ കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഇളവ് ലഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.