ന്യൂദല്‍ഹി- ദല്‍ഹിയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന അഭയകേന്ദ്രത്തിന് അന്തേവാസികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനുശേഷം തീയിട്ടു. കഴിഞ്ഞ ദിവസം ഇവിടെ ഭക്ഷണത്തിനുവേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ജീവനക്കാര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് നാല് അന്തേവാസികള്‍ യമുനാ നദിയിലേക്ക് ചാടിയെന്നും ഒരാള്‍ മുങ്ങിമരിച്ചുവെന്നും പോലീസ് പറയുന്നു.
കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ അന്തേവാസികള്‍ ആരംഭിച്ച പ്രതിഷേധം കല്ലേറിലും സംഘര്‍ഷത്തിലും അവസാനിക്കുകയായിരുന്നു. ക്ഷുഭിതരായ അന്തേവാസികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞുവെന്നും പിന്നീട് അഭയകേന്ദ്രത്തിന് തീയിട്ടുവെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. 200-250 പേരാണ് ഇവിടെ താമസിച്ചിരുന്നത്. മുങ്ങി മരിച്ച തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.