Sorry, you need to enable JavaScript to visit this website.

കോവിഡ് 19: സർക്കാർ നടപടികൾ പ്രശംസനീയമെന്ന് ഹൈക്കോടതി

കൊച്ചി- കോവിഡ് 19 നേരിടാൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ പ്രശംസനീയമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സർക്കാർ കൈക്കൊണ്ട നടപടികൾ ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതാണന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. വിസ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നയമെന്തെന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിൽ എത്തിയ മലയാളികളിൽ പലരുടെയും വിസാ കാലാവധി കഴിഞ്ഞതിനാൽ അവിടെ കുടുങ്ങിക്കിടക്കുകയാണന്നും ഇത്തരക്കാരെ തിരിച്ചെത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗിൽ വിഡിയോ കോൺഫറൻസിലൂടെ പരിഗണിച്ചത്.
ലോക്ഡൗൺ പിൻവലിക്കാൻ പ്രദേശത്ത് ഒരാൾക്ക് പോലും രോഗം റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന നിബന്ധനയാണ് വരുന്നതെങ്കിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ വിദേശങ്ങളിൽനിന്നും രോഗബാധിതരെ കൊണ്ടു വന്നാൽ ലോക്ഡൗൺ പിൻവലിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. കേരളത്തിൽ ഒരു ലക്ഷത്തിലധികം പേരെ മാറ്റി താമസിപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹരജിക്കാരായ ദുബായ് കെ.എം.സി.സി ബോധിപ്പിച്ചു. യു.എ.ഇയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇന്ത്യൻ എംബസി ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പെടുത്തണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. കേസ് ഏപ്രിൽ 17 ന് കോടതി വീണ്ടും പരിഗണിക്കും.


 

Latest News