ന്യൂഡല്‍ഹി- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി 200 രൂപാ നോട്ടുകള്‍ പുറത്തിറക്കി ഒരാഴ്ച പിന്നിട്ടെങ്കിലും ഇത് എടിഎമ്മുകള്‍ വഴി ജനങ്ങളുടെ കൈകളിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പുതിയ വലിപ്പമാണ് പ്രശ്‌നം. നിലവിലുള്ള എടിഎമ്മുകളിലെ പണത്തട്ടുകള്‍ 200 രൂപ നോട്ടിന് അനുയോജ്യമല്ല. ഈ നോട്ടിന്റെ വലിപ്പത്തില്‍ രാജ്യത്തുടനീളമുള്ള എടിഎമ്മുകളില്‍ ക്രമീകരണം നടത്തേണ്ടി വരും. ഇതു പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസമെങ്കിലുമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായ എടിഎം പുനക്രമീകരണത്തിനു സമാനമായിരിക്കും ഇതും.
പുതിയ നോട്ടുകള്‍ വിതരണത്തിന് എത്തിയിട്ടില്ലെങ്കിലും എടിഎം പരിപാലിക്കുന്ന കമ്പനികളോട് ചില ബാങ്കുകള്‍ 200 രൂപാ നോട്ടുകളുപയോഗിച്ച് പരീക്ഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നോട്ടുകളുടെ വിതരണം ഉടന്‍ ത്വരിതപ്പെടുത്തുമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇത് നിശ്ചിത സമയപരിധി വ്യക്തമാക്കിയിരുന്നില്ല. വേണ്ടത്ര നോട്ടുകള്‍ എന്ന് ലഭ്യമാകുമെന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലുടനീളമുള്ള 2.25 ലക്ഷം എടിഎമ്മുകളാണ് പുക്രമീകരണം നടത്തേണ്ടത്. ഇത് പൂര്‍ണമായും ചെയ്തു തീര്‍ക്കുമോ എന്നും ഉറപ്പില്ല.
അതേസമയം റിസര്‍വ് ബാങ്കില്‍ നിന്നും അറിയിപ്പു ലഭിച്ചാല്‍ മാത്രമെ എടിഎം പണത്തട്ട് പുനക്രമീകരണം നടത്തൂവെന്ന് മുന്‍നിര എടിഎം പരിപാലന കമ്പനിയായ എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസ് വ്യക്തമാക്കി. രാജ്യത്തുടനീളം അരലക്ഷത്തിലേറെ എടിഎമ്മുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്ന കമ്പനിയാണിത്. നിലവില്‍ വിപണിയിലുള്ള നോട്ടുകളുടെ വലിപ്പത്തില്‍ നിന്നും വ്യത്യസ്തമാണ് പുതിയ 200 രൂപാ നോട്ടുകള്‍. ഇവ കൈയ്യില്‍ കിട്ടിയാലെ ശരിയായ രൂപവും വലിപ്പവും സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തത വരൂ. ഇതിനനുസരിച്ചായിരിക്കും എടിഎമ്മിനുള്ളിലെ പണത്തട്ടിന്റെ വലിപ്പം ക്രമീകരിക്കുകയെന്നും കമ്പനി ചെയര്‍മാന്‍ രവി ബി ഗോയല്‍ പറഞ്ഞു.