മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ട് സി‌എസ്‌ആർ പരിധിയില്‍ വരില്ല; പിഎം കെയേഴ്സിലേക്ക് തന്നെ സംഭാവന നല്‍കണമെന്ന് കമ്പനികളോട് കേന്ദ്രം

ന്യൂദൽഹി- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാനങ്ങളുടെ കോവിഡ് 19 ദുരിതാശ്വാസ പദ്ധതിയിലേക്കും നല്‍കുന്ന സാമ്പത്തിക സംഭാവനകള്‍ കമ്പനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി(സി‌എസ്‌ആർ) പ്രകാരമുള്ള വിഹിതമായി കണക്കാക്കില്ലെന്ന് കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയം.

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് പദ്ധതിക്ക് നല്‍കുന്ന സംഭാവനകളെ സി‌എസ്‌ആർ ഗണത്തില്‍ പെടുത്തുമെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയതിന് പിറകെയാണ് കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കോര്‍പ്പറേറ്റ് സംഭാവനളെ  തടയും വിധം വിവാദ ഉത്തരവ് ഇറങ്ങുന്നത്.

“മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അല്ലെങ്കിൽ കോവിഡ് -19 നുള്ള സംസ്ഥാന ദുരിതാശ്വാസ ഫണ്ട് എന്നിവ കമ്പനീസ് ആക്റ്റ്, 2013 ലെ ഷെഡ്യൂൾ VII ൽ ഉൾപ്പെടുത്തിയിട്ടില്ല, അതിനാൽ അത്തരം ഫണ്ടുകളിലേക്കുള്ള ഏതെങ്കിലും സംഭാവന നിയമപരമായി സി‌എസ്‌ആർ വിഹിതമായി കണക്കാക്കാനാവില്ല.” എംസി‌എ സർക്കുലറില്‍ പറയുന്നു.  

സംസ്ഥാനത്തിന് നല്‍കുന്ന ഫണ്ടുകള്‍ സി‌എസ്‌‌ആര്‍ വിഹിതമായി കണക്കാക്കണമെന്ന് നിരവധി അപേക്ഷകള്‍ ധനകാര്യ, കോര്‍പ്പറേറ്റ് മന്ത്രാലയങ്ങള്‍ക്ക് വിവിധ കമ്പനികളില്‍നിന്ന് ലഭിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

കോര്‍പ്പറേറ്റ് കമ്പനികള്‍ സാമൂഹിക ഉത്തരവാദിത്തം എന്ന നിലയില്‍ നിയമപ്രകാരം നിര്‍ബന്ധമായും ചെലവിടേണ്ട ഫണ്ടാണ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി(സിഎസ്‌ആര്‍) ഫണ്ട് എന്ന് അറിയപ്പെടുന്നത്.

Latest News