ഹൈദരാബാദ്- സര്‍ക്കാരിന്റെ സൗജന്യ ഭൂമി വിതരണത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജ് ഓഫീസര്‍ കൈക്കൂലി ചോദിച്ച് വട്ടം കറക്കിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ രണ്ടു യുവാക്കള്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. നമകോണ്ടൂര്‍ എം എല്‍ എയുടെ ഓഫീസിനു മുന്നിലാണ് 27-കാരനായ മന്‍കലി ശ്രീനിവാസും യാലല പരശരമുലു (26)-വും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു.
സൗജന്യ ഭൂമിവിതരണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇരുവരും നിരവധി തവണ വില്ലേജ് ഓഫീസ് കയറിയിറങ്ങിയിരുന്നു. എന്നാല്‍ കൈക്കൂലി ചോദിച്ച് വില്ലേജ് ഓഫീസര്‍ ഇവരെ വട്ടം കറക്കുകയായിരുന്നു. തുടര്‍ന്ന് പരാതി പറയാനാണ് എം എല്‍ എയുടെ ഓഫീസിലെത്തിയത്. ഈ സമയം എം എല്‍ എ രസമയി ബാലകിഷന്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇരുവരും കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ശരീരത്തിലൊഴിച്ച് തീക്കൊളുത്തിയത്.
ഇവരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ശ്രീനിവാസിന് 60 ശതമാനവും പരശരമുലുവിന് 40 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ധനമന്ത്രി എട്ടെല രാജേന്ദര്‍ ഉത്തരവിട്ടു. യുവാക്കളില്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി മന്ത്രി ഇവരെ സന്ദര്‍ശിക്കുകയും ചെയ്തു.