Sorry, you need to enable JavaScript to visit this website.

ജമ്മുവില്‍ അറസ്റ്റിലായ പോലീസ് മേധാവി ദാവീന്ദര്‍ സിംഗിന്റെ കുറ്റം ഇനിയും തീരുമാനിച്ചില്ല

ന്യൂദല്‍ഹി- രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരോരൊടൊപ്പം പിടിയിലായ ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദാവീന്ദര്‍ സിംഗിനെ ഒരു മാസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ വെച്ചാണ് ഈവര്‍ഷാദ്യം ഇയാള്‍ പിടിയിലായത്.

ദല്‍ഹി പോലീസിന് ചോദ്യം ചെയ്യാന്‍ അനുവദിച്ച ഒരു മാസത്തെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ജഡ്ജി അജയ് കുമാര്‍ ജെയിന്‍ മുമ്പാകെ ഹാജാരക്കിയത്. ചോദ്യം ചെയ്യലിനായി ഇനിയും ആവശ്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി മെയ് ആറ് വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തത്. ദാവീന്ദര്‍ സിംഗിനോടൊപ്പം പിടിയിലായ ജാവേദ് ഇഖ്ബാല്‍, സെയ്ദ് നവീദ് മുഷ്താഖ്, ഇംറാന്‍ ഷാഫി മിര്‍ എന്നിവരേയും റിമാന്റ് ചെയ്തിട്ടുണ്ട്.

വിട്ടയച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും രക്ഷപ്പെടാനും സാധ്യതയുള്ളതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യാന്‍ പേലീസ് ആവശ്യപ്പെട്ടുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രശാന്ത് പ്രകാശ് പറഞ്ഞു. ദാവീന്ദര്‍ സിംഗിനെ ജനുവരിയില്‍ ജമ്മു കശ്മീര്‍ പോലീസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജമ്മു കശ്മീരിലെ ഹിരാ നഗര്‍ ജയിലില്‍നിന്ന് പ്രത്യേക സെല്ലാണ് ദാവീന്ദര്‍ സിംഗിനെ ദല്‍ഹിയിലേക്ക് കൊണ്ടുവന്നത്. സെയ്ദ് നവീദ് മുഷ്താഖും കൂട്ടാളികളും ദല്‍ഹിയിലും മറ്റും ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ സോഫിയാന്‍ ജില്ലാ കമാന്‍ഡറായ മുഷ്താഖ് ഡാര്‍ക് നെറ്റ് ചാറ്റ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ വഴി മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയെന്നും പോലീസ് ബോധിപ്പിച്ചിരുന്നു. ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണം നടത്താന്‍ കശ്മീരിലേയും പഞ്ചാബിലേയും യുവാക്കള്‍ക്ക് പരിശീലനം നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടേയും ഛോട്ടാ ശക്കീലിന്റേയും പേരുകള്‍ എഫ്.ഐ.ആറിലുണ്ട്. പഞ്ചാബിലെ ഖലിസ്ഥാന്‍ അനുകൂല ഭീകര സംഘടനകള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനി ധനസഹായം നല്‍കിയെന്നാണ് ആരോപണം. ഇതേ എഫ്.ഐ.ആര്‍ പ്രകാരമാണ് ദാവീന്ദര്‍ സിംഗിനേയും കസ്റ്റഡിയിലെടുത്തത്. ഖലിസ്ഥാനുമായി ബന്ധപ്പെട്ട് ദാവീന്ദര്‍ സിംഗിനെ ചോദ്യം ചെയ്തതായും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതായും പോലീസ് പറയുന്നു. ദാവീന്ദര്‍ സിംഗിന്റെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണ സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ദാവീന്ദര്‍ സിംഗിനെ ചോദ്യം ചെയ്യുമെന്നും പോലീസ് പറയുന്നു.

 

Latest News