ന്യൂയോര്‍ക്ക്- കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച അമേരിക്കയില്‍ ഓരോ രണ്ടുമിനിറ്റിലും മൂന്നുപേര്‍ വീതം മരിച്ചുവീഴുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, വൈറസ് ബാധയേറ്റ 2,108 പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഒരു ദിവസം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങൾ രേഖപ്പെടുത്തുന്ന രാജ്യമായി യുഎസ് മാറി. അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ യുസില്‍ ആകെ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.
വെള്ളിയാഴ്ച്ച അമേരിക്കയില്‍ രോഗബാധയും മരണങ്ങളും അതിന്റെ പാരമ്യതയിലെത്തുമെന്ന് നേരത്തേ ആരോഗ്യ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. ഇത് പിന്നീട് ക്രമേണെ കുറഞ്ഞ്, പ്രസിഡന്റ് ട്രംപ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച മെയ് 1 ന് പ്രതിദിന മരണം 970 എത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ കണക്കുകൾ പ്രകാരം അമേരിക്കയില്‍ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 503,177 ആണ്. 18,761 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.