ന്യൂയോര്‍ക്ക്- കോവിഡ് മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി വലിയ കുഴിമാടമൊരുക്കിയിരിക്കുകയാണ് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്‍ഡിലാണ് ഈ കുഴിമാടം. ശവസംസ്‌കാരത്തിനുള്ള ചെലവുവഹിക്കാന്‍ സാധിക്കാത്തവരോ ശവസംസ്‌കാരം നടത്താന്‍ അടുത്ത ബന്ധുക്കളില്ലാത്തവരോ ആയ ന്യൂയോര്‍ക്കുകാരുടെ സംസ്‌കാരം നടത്താറുള്ള ഇടമാണ് ഹാര്‍ട്ട് ഐലന്‍ഡ്.
സുരക്ഷാ കവചമണിഞ്ഞ തൊഴിലാളികള്‍ വലിയ കുഴിയില്‍ കൂട്ടമായി ശവപ്പെട്ടികള്‍ അടക്കം ചെയ്യുന്നതിന്റെ ഡ്രോണ്‍ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ശവപ്പെട്ടികള്‍ അടുക്കി വെച്ചിരിക്കുന്ന കുഴിമാടത്തിലേക്ക് ജോലിക്കാര്‍ ഇറങ്ങുന്നത് ഏണിയുടെ സഹായത്താലാണ്.
നിലവിലെ പ്രതിസന്ധി മറികടക്കുന്നത് വരെ താല്‍ക്കാലികമായ ശവമടക്ക് രീതി അവലംബിച്ചേ മതിയാകൂ എന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ പറഞ്ഞു. സാധാരണയായി റിക്കേഴ്‌സ് ഐലന്‍ഡിലെ തടവുകാരാണ് ശവമടക്ക് ജോലികള്‍ ചെയ്യാറുള്ളത്. എന്നാല്‍ മരണസംഖ്യ ഉയര്‍ന്നതോടെ കരാറുകാരെ ജോലി ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.