ലണ്ടന്‍- ഇന്ത്യയില്‍നിന്നുള്ള പാരസെറ്റമോള്‍ പാക്കറ്റുകള്‍ ഞായറാഴ്ച യു.കെയിലെത്തും. ആദ്യഘട്ടമായി 30 ലക്ഷം പാരസെറ്റമോള്‍ പാക്കറ്റുകളാണ് ലഭിക്കുകയെന്ന് ഇന്ത്യാ ഗവണ്‍മെന്റിന് നന്ദി അറിയിച്ചുകൊണ്ട് ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസിലെ ദക്ഷിണേഷ്യന്‍ കാര്യ സഹമന്ത്രി താരിഖ് അഹ്മദ് പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യ മരുന്ന് കയറ്റുമതിക്കുള്ള നിരോധം പിന്‍വലിച്ചതാണ് യു.കെയില്‍ മരുന്ന് എത്തിക്കാന്‍ സഹായകമായത്.
ആഗോള പ്രതിസന്ധിയില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് താരിഖ് അഹ്മദ് പറഞ്ഞു.
ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനങ്ങളിലാണ് മരുന്നുകളും നാളെ ലണ്ടനില്‍ എത്തുന്നത്. കോവിഡ് നേരിടുന്നതിനുള്ള നടപടികളില്‍ ഇന്ത്യയും യു.കെയും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ബ്രിട്ടീഷുകാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ അധികൃതര്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.