ന്യൂദൽഹി- ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഇന്ത്യയിലേക്ക് അടിയന്തിരമായി മടക്കി കൊണ്ട് വരേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യമായവർക്ക് യാത്രാ തുക അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് പ്രത്യേക വിമാനമോ ചാർട്ടേർഡ് വിമാനമോ അയക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.