കണ്ണൂർ- 1971ലെ തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ പത്തു ചോദ്യങ്ങളുമായി മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. ഒരു ഓൺലൈൻ പോർട്ടലിനനുവദിച്ച അഭിമുഖത്തിലായിരുന്നു ജയരാജന്റെ വിവാദ പരാമർശങ്ങൾ.
രാജ്യവ്യാപകമായി ഹൈന്ദവ വർഗീയവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധതയുടെ കേരളീയ മാതൃകയാണ് 1971ലെ തലശ്ശേരി കലാപമെന്നും ആ കലാപം രൂപപ്പെടുത്തിയെടുക്കുന്നതിൽ മുസ്‌ലിം ലീഗ് സഹായകമായ നിലപാടാണ് എടുത്തത് എന്നും, 67ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് മലപ്പുറം ജില്ല രൂപീകരിച്ചതും അന്ന് ആഭ്യന്തര വകുപ്പ് കയ്യാളിയിരുന്ന ലീഗ് പോലീസിൽ നടത്തിയ അനാവശ്യമായ ഇടപെടലുകളും ഹിന്ദുക്കളുടെ ഇടയിൽ മുസ്‌ലിം വിരുദ്ധ മനോഭാവം വളർത്തുന്നതിന് ആർ.എസ്.എസ് പ്രയോജനപ്പെടുത്തി എന്നുമായിരുന്നു ജയരാജൻ നടത്തിയ പരാമർശം. മാത്രമല്ല, ഒരാഴ്ച നീണ്ടുനിന്ന കലാപത്തിൽ ഒട്ടനേകം വീടുകളും കടകളും കൊള്ളയടിക്കപ്പെടുകയും പള്ളികൾ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തുവെങ്കിലും ഒരാൾ മാത്രമാണ് മരണപ്പെട്ടത് എന്നും അങ്ങനെ കൊല്ലപ്പെട്ട യു.കെ. കുഞ്ഞിരാമൻ കലാപത്തിലെ രക്തസാക്ഷിയാണെന്നും ജയരാജൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ സഖാവ് ജയരാജൻ ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം പറയേണ്ടിയിരിക്കുന്നു എന്നാണ് സഖാവ് ജയരാജനോട് പത്തു ചോദ്യങ്ങൾ എന്ന പേരിൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരിം ചേലേരി ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
1. 1971 ഡിസംബർ 30, 31, 1972 ജനുവരി 1,2 തീയതികളിലാണ് തലശ്ശേരിയും പ്രാന്തപ്രദേശങ്ങളും കലാപം കൊണ്ട് കത്തിയെരിഞ്ഞത്. സി.പി.എം ഭൂരിപക്ഷകേന്ദ്രങ്ങളും മുസ്‌ലിംകൾ തുലോം വിരളവുമായ പിണറായി, കതിരൂർ, കോടിയേരി, എരഞ്ഞോളി, ഉമ്മൻച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് കലാപം വ്യാപകമായുണ്ടായത്. സി.പി.എം കോട്ടയായ പിണറായി പാറപ്പുറത്തുള്ള വലിയ ജുമഅത്ത് പള്ളി തകർക്കപ്പെട്ടു. ഇതിലെ ഒന്നാം പ്രതി, സഖാവ് പിണറായി വിജയന്റെ സഹോദരൻ കുമാരനായിരുന്നില്ലേ? സി.പി.എം കോട്ടയായ മേൽ സ്ഥലങ്ങളിൽ നിന്ന് മുസ്‌ലിംകൾ ആട്ടിയോടിക്കപ്പെട്ടപ്പോഴും പള്ളി തകർക്കപ്പെട്ടപ്പോഴും അവർക്ക് രക്ഷാകവചം തീർക്കാൻ സി.പി.എമ്മിന് കഴിയാതെ പോയത് എന്ത് കൊണ്ടായിരുന്നു?
2. സി.പി.ഐയുടെ മുൻ ജില്ല സെക്രട്ടറി സഖാവ് എ.ശ്രീധരനും ജനയുഗം ലേഖകനായിരുന്ന സഖാവ് കെ.പി ശ്രീധരനും ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയിട്ടുണ്ടായിരുന്നോ? കലാപത്തിൽ പങ്കെടുത്തവരിൽ 80 ശതമാനം പേരും സി.പി.എം കാരായിരുന്നുവെന്ന് ഇവർ മൊഴി നൽകിയത് സഖാവ് ജയരാജൻ നിഷേധിക്കുമോ?
3. ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ സഖാവ് യു.കെ കുഞ്ഞിരാമൻ കൊല ചെയ്യപ്പെട്ടത് കലാപത്തിലാണെന്ന് എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
4. കലാപത്തോടനുബന്ധിച്ച് സി.പി.ഐയുടെ വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ' നേതൃത്വം ആരുടേത്! പിണറായി വിജയൻ മറുപടി പറയുമോ?' എന്ന പേരിൽ പ്രസിദ്ധീകരിച്ച നോട്ടീസിനെക്കുറിച്ച് സഖാവ് ജയരാജനറിയുമോ?
5. പ്രസ്തുത നോട്ടീസിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള ചോദ്യങ്ങൾക്ക് എന്താണ് മറുപടി പറയാനുള്ളത്.?
6. മറ്റെല്ലാ കലാപങ്ങളിലുമെന്നപോലെ സഖാക്കളായ മുസ്‌ലിംകളെപ്പോലും തലശ്ശേരി കലാപത്തിലും സി.പി.എമ്മുകാർ ആക്രമിച്ചിരുന്നുവെന്നതിനെക്കുറിച്ച് സഖാവിന് എന്താണ് പറയാനുള്ളത്.?
7. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇന്നത്തേത് പോലുള്ള ഒരു ബറാഅത്ത് ദിനത്തിൽ പന്നിയൂരിലെ ഒട്ടനേകം മുസ്ലിം വീടുകളും കടകളും ആരാധനാലയങ്ങളും സി.പി. എമ്മുകാർ തകർത്തത് എന്തിന് വേണ്ടിയായിരുന്നു?
8. ബറാഅത്ത് രാവിൽ മുസ്‌ലിംകളുണ്ടാക്കിയ ചക്കരച്ചോറിൽ പോലും കുപ്പിച്ചില്ലുകൾ വിതറാൻ സഖാക്കളെ പ്രേരിപ്പിച്ചത് ഏത് ന്യൂനപക്ഷ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.?
9. ഇ.എം.എസ് ഭരണകാലത്ത് മലപ്പുറം ജില്ല രൂപീകരിച്ചത് ഹിന്ദുക്കളിൽ മുസ്‌ലിം വിരുദ്ധ മനോഭാവമുണ്ടാക്കാൻ ആർ.എസ്.എസ് പ്രയോജനപ്പെടുത്തിയെന്ന് പറയുന്ന സഖാവ് ജയരാജനും പാർട്ടിക്കും മലപ്പുറം ജില്ല രൂപീകരിച്ചത് തെറ്റായിപ്പോയെന്ന അഭിപ്രായമുണ്ടോ?
10. 1969ൽ ഇ.എം.എസ് മന്ത്രിസഭയോട് ലീഗ് വഞ്ചന നടത്തി എന്ന് പറയുന്ന സഖാവ് ജയരാജന് ആ മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാർക്കെതിരായി ഉയർന്നു വന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്.? എന്നിവയാണ് അഡ്വ.അബ്ദുൽ കരീം ചേലേരി ഉയർത്തുന്ന ചോദ്യങ്ങൾ.