തൃശൂർ - ആദ്യ ശമ്പളം വാങ്ങി മെഡിക്കൽ കോളേജിലേക്ക് ബൈക്കിൽ വരികയായിരുന്ന നേഴ്‌സ് ലോറിയിടിച്ച് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നേഴ്‌സായ ചേറ്റുവ തൊട്ടാപ്പ് മാട് ആനാംകടവിൽ വീട്ടിൽ അബ്ദുവിന്റെ മകൻ ആഷിഫ്(23) ആണ് മരിച്ചത്. തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ പഠനത്തിന് ശേഷം അവിടെ തന്നെ ബോണ്ട് പ്രകാരം ജോലി ചെയ്ത് വരുന്നതിനിടെ കഴിഞ്ഞ മാസമാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പിന്റെ ആർ.എസ്.ബി.വൈയിൽ ജോലി ലഭിച്ചത്. ഒരു മാസത്തെ ശമ്പളം വാങ്ങി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്‌സിലേക്ക് വരുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വെളപ്പായ പാടം കഴിഞ്ഞുള്ള കയറ്റത്ത് വെച്ചായിരുന്നു അപകടം. മുളങ്കുന്നത്തുകാവ് എഫ്.സി.ഐയിൽ നിന്നും അരി കയറ്റി വന്നിരുന്ന ലോറിയാണ് ബൈക്കിലിടിച്ചത്. അപകടസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. ആഷിഫിന്റെ അമ്മ ഷമീറ തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിലെ ജീവനക്കാരിയാണ്. ഗവ.നേഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിനി അൻജു സഹോദരിയാണ്. മെഡിക്കൽ കോളേജ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.