റിയാദ് - ആഗോള വിപണിയിൽ എണ്ണ വിലയിൽ സ്ഥിരതയുണ്ടാക്കുന്നതിനുള്ള ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ മെക്‌സിക്കോയുടെ പങ്കാളിത്തമില്ലാതെ നടപ്പാക്കില്ലെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. കരാർ നടപ്പാക്കുന്നത് മെക്‌സിക്കോയുടെ പങ്കാളിത്തത്തെ ആശ്രയിച്ചായിരിക്കും. അമേരിക്ക, കാനഡ, ബ്രസീൽ പോലുള്ള മറ്റു രാജ്യങ്ങളും ഒപെക് പ്ലസ് ഗ്രൂപ്പ് നടത്തുന്ന ശ്രമങ്ങളിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിദിന ഉൽപാദനത്തിൽ ഒരു കോടി ബാരലിന്റെ കുറവ് വരുത്തുന്നതിന് ഒപെക് പ്ലസ് ഗ്രൂപ്പ് വ്യാഴാഴ്ച ധാരണയിലെത്തിയിരുന്നു. ഇക്കാര്യത്തിലുള്ള അന്തിമ കരാർ ഉൽപാദനം കുറക്കുന്നതിൽ മെക്‌സിക്കോ കൂടി പങ്കാളിത്തം വഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ കരാർ തങ്ങൾക്കു കൂടി ഗുണം ചെയ്യുമെന്ന് മെക്‌സിക്കോ മനസ്സിലാക്കുമെന്നാണ് പ്രത്യാശിക്കുന്നത്. മെക്‌സിക്കോക്കു മാത്രമല്ല, ലോകത്തിനു മുഴുവൻ കരാർ ഗുണം ചെയ്യുമെന്നും സൗദി ഊർജ മന്ത്രി പറഞ്ഞു.
ഉൽപാദനം കുറക്കുന്നതിനുള്ള ധാരണക്കു പ്രതിബന്ധം സൃഷ്ടിക്കാനാണ് മെക്‌സിക്കോ ശ്രമിച്ചതെന്ന് കുവൈത്ത് പെട്രോളിയം മന്ത്രി ഖാലിദ് അൽഫാദിൽ പറഞ്ഞു. എണ്ണ വിപണിയിൽ സന്തുലനം വീണ്ടെടുക്കുന്നതിനു വേണ്ടി രാജ്യങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിലും ഒപെക് പ്ലസ് ഗ്രൂപ്പ് യോഗത്തിലും കുവൈത്ത് മാരത്തൺ ചർച്ചകൾ നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.