Sorry, you need to enable JavaScript to visit this website.

യുദ്ധക്കപ്പലുകളിലും കോവിഡ്; അമേരിക്കയ്ക്ക് പിറകേ ഫ്രഞ്ച് നേവിയും ഭീതിയില്‍

പാരീസ്- ആഗോളവ്യാപകമായി പടന്നുപിടിച്ച കോവിഡ് 19 മഹാമാരി യുദ്ധക്കപ്പലുകളേയും വേട്ടയാടുന്നു. അമേരിക്കന്‍ പടക്കപ്പലിന് പിറകെ ഫ്രാന്‍സിന്റെ ഏക വിമാനവാഹിനിക്കപ്പലായ ചാൾസ് ഡി ഗല്ലെയിലെ 50 നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് കപ്പലിന്റെ ചിലഭാഗങ്ങള്‍ അടച്ചിട്ടതായും സായുധ സേന മന്ത്രാലയം അറിയിച്ചു. ഗുരുതരമായ രോഗാവസ്ഥയിലുള്ള മൂന്നുപേരെ തെക്കൻ ഫ്രാൻസിലെ ടൊലോണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കൊറോണ വൈറസ്ബാധ സംബന്ധിച്ച് പരിശോധന നടത്താൻ വിന്യസിച്ച ആരോഗ്യസംഘമാണ് കപ്പലില്‍ രോഗബാധ കണ്ടെത്തിയത്. പരിശോധിച്ച 66 പേരില്‍ 50 പേര്‍ക്കും കോവിഡ് 19 പോസിറ്റീവ് രേഖപ്പെടുത്തി. സ്വന്തമായി തീവ്രപരിചരണ സൗകര്യങ്ങളുള്ള വിമാനവാഹിനിക്കപ്പലിൽ 1,760 ഉദ്യോഗസ്ഥരുണ്ട്. ബാൾട്ടിക് കടലിലെ വടക്കൻ യൂറോപ്യൻ സേനകളുമായി നാവികാഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്ത ഈ ആണവ കപ്പല്‍ തിരിച്ച് മെഡിറ്ററേനിയന്‍ തീരത്തേക്കുള്ള യാത്രയിലാണ്. 

നേരത്തേ അയ്യായിരം നാവികരെ വഹിക്കുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎഎസ്‌എസ് റൂസ്‌വെല്‍റ്റിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ആമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം കപ്പലിലെ നൂറില്‍ അധികം സേനാ അംഗങ്ങള്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. നേവീ അംഗങ്ങളെ രോഗബാധയില്‍ നിന്ന് രക്ഷിക്കാന്‍ സൈനികോദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്ന് പരാതിപ്പെട്ട കപ്പലിന്റെ ക്യാപ്റ്റന്‍ ബ്രെറ്റ് ക്രോസിയറിനെ നാവിക സേന പുറത്താക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  ക്രോസിയറിനെതിരെ നടപടി പ്രഖ്യാപിച്ച നാവികസേന ആക്ടിംഗ് സെക്രട്ടറി തോമസ് മൊഡ്‌ലിയുടെ രാജിയിലാണ് ഇത് കലാശിച്ചത്.

Latest News